ശ്രീലങ്കയില്‍ ഒമ്പത് മുസ്‌ലിം മന്ത്രിമാരും രണ്ട് ഗവര്‍ണര്‍മാരും രാജിവച്ചു

ഏപ്രില്‍ 21നു നടന്ന സ്‌ഫോടനങ്ങളില്‍ മുസ് ലിംകള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഏതാനും ബുദ്ധസന്യാസിമാര്‍ മുസ്‌ലിംവിരുദ്ധത ആളിക്കത്തിക്കുകയാണ്

Update: 2019-06-04 01:45 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലുണ്ടായ ആക്രമണത്തിനു ശേഷം മുസ്‌ലിംകളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഒമ്പത് മുസ് ലിം മന്ത്രിമാര്‍ക്കു പിന്നാലെ രണ്ട് ഗവര്‍ണര്‍മാര്‍ കൂടി രാജിവച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ച പടിഞ്ഞാറന്‍ പ്രവിശ്യാ ഗവര്‍ണര്‍ ആസാദ് സാലി, കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഹിസ്ബുല്ല രാജിവച്ചത്. രാജി സിരിസേന സ്വീകരിച്ചിട്ടുണ്ട്. ഇതോടെ സ്‌ഫോടനത്തിനു പിന്നാലെ മുസ് ലിംകള്‍കള്‍ക്കെതിരേ വിദ്വേഷം വര്‍ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധസന്യാസി അതുരാലിയ രത്‌ന ഒരാഴ്ചയായി തുടര്‍ന്നുവന്ന ഉപവാസം അവസാനിപ്പിച്ചു. 258 പേര്‍ കൊല്ലപ്പെട്ട ഇക്കഴിഞ്ഞ ഏപ്രില്‍ 21നു നടന്ന സ്‌ഫോടനങ്ങളില്‍ മുസ് ലിംകള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഏതാനും ബുദ്ധസന്യാസിമാര്‍ മുസ്‌ലിംവിരുദ്ധത ആളിക്കത്തിക്കുകയാണ്.

    രാജ്യത്തെ ഉന്നത പദവികളിലുള്ള മുസ്‌ലിം രാഷ്ട്രീയ നേതാക്കളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബുദ്ധസന്യാസിമാരുടെ നേതൃത്വത്തില്‍ തീര്‍ഥാടനനഗരമായ കാന്‍ഡിയില്‍ പ്രകടനം നടത്തിയിരുന്നു. മുസ്‌ലിംകള്‍ക്കെതിരേയുള്ള വിദ്വേഷപ്രസംഗത്തിലൂടെ കുപ്രസിദ്ധി നേടിയ ബുദ്ധസന്യാസി ഗാലഗൊഡാട്ടെ ജ്ഞാനസാരെ, ആക്രമണത്തിന്റെ പേരില്‍ മുസ്‌ലിംകളോട് ശത്രുത കാട്ടരുതെന്ന് നേരത്തെ പ്രസ്താവനയിറക്കിയ കൊളംബോയിലെ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. മുസ്‌ലിം സമുദായക്കാരായ രണ്ട് പ്രവിശ്യാ ഗവര്‍ണര്‍മാരെയും വാണിജ്യമന്ത്രി റിഷാദ് ബതിയുദ്ദീനെയും പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. വംശീയവാദികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള മുസ് ലിം നേതാക്കളുടെ രാജി വളരെ നിര്‍ഭാഗ്യകരമാണെന്നു തമിഴ് ദേശീയ സഖ്യം വക്താവ് എം എ സുമന്തിരന്‍ പറഞ്ഞു. മുസ് ലിംകളോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.



Tags: