കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍; പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍ സ്റ്റേറ്റ്
ബലാത്സംഗക്കേസില്‍ പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാനുള്ള നിയമം പാസാക്കി. 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയാണ് പുതുക്കിയ നിയമത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. കൂടാതെ, സ്ത്രീകള്‍ക്കുമുണ്ട് ശിക്ഷ. 14 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടാല്‍ സ്ത്രീകളുടെ ഫെലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യും.
നൈജീരിയയിലെ കഡുന സ്റ്റേറ്റ് ആണ് ഇത്തരത്തില്‍ നിയമ ഭേദഗതി നടപ്പിലാക്കിയിരിയ്ക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ ശിക്ഷ ആവശ്യമാണെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് എല്‍ റുഫായി പറഞ്ഞു.
14 വയസിന് മുകളിലുള്ള ഒരാളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്ന് സംസ്ഥാനത്തിന്റെ പുതുതായി ഭേദഗതി ചെയ്ത നിയമത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രായപൂര്‍ത്തിയായ ഒരാളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്.