ആശങ്കയൊഴിയാതെ കൊറോണ; ചൈനയില്‍ മരണസംഖ്യ 106, വൈറസ് സ്ഥിരീകരിച്ചത് 4,193 പേര്‍ക്ക്

തിങ്കളാഴ്ച 25 പേര്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ 100 കടന്നത്. 4,193 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ ഒരുമരണവും ഹുബൈ പ്രവിശ്യയില്‍ 24 പുതിയ മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്.

Update: 2020-01-28 03:48 GMT

ബെയ്ജിങ്: ചൈനയില്‍ ആശങ്ക പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. അന്തിമറിപോര്‍ട്ടുകള്‍പ്രകാരം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 25 പേര്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ 100 കടന്നത്. 4,193 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ ഒരുമരണവും ഹുബൈ പ്രവിശ്യയില്‍ 24 പുതിയ മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച 1,771 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 976 പേരുടെ നില ഗുരുതരമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് നഗരമായ വുഹാനില്‍നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് കൂടുതല്‍ വിനാശകാരിയാവുകയാണ്. ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉള്‍പ്പടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വുഹാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാനഡ പൗരന്‍മാരോട് നിര്‍ദേശിച്ചു. ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോണ്‍സുലേറ്റുകളില്‍നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. രോഗപ്രതിരോധത്തിന്റെ ഭാഗമായി വുഹാന്‍ ഉള്‍പ്പടെ 17 ചൈനീസ് നഗരങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി അടച്ചിട്ടിരിക്കുകയാണ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാധ്യമാവുന്നത്ര ഇന്ത്യക്കാരെ വുഹാന്‍ നഗരത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. മധ്യ ചൈനയിലെ 11 ദശലക്ഷം ആളുകള്‍ താമസിക്കുന്ന വുഹാനിലേക്കുള്ള വിമാന, ട്രെയിന്‍, ബസ് ഗതാഗതസംവിധാനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈനയിലെ പുതുവല്‍സര പൊതു അവധി മൂന്നുദിവസംകൂടി നീട്ടി. പൊതുജനങ്ങള്‍ വീട്ടില്‍തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം. രാജ്യവ്യാപകമായി ഗ്രൂപ്പ് ടൂറുകള്‍ റദ്ദാക്കാന്‍ ചൈനീസ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. 

Tags:    

Similar News