യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കം 26 സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച് നേപ്പാള്‍
കാഠ്മണ്ഡു: ഫെയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിലെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നടപടി.
'രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.' നേപ്പള്‍ വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കി. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെത്തുടര്‍ന്ന്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഗസ്റ്റ് 28-ന് സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ആ സമയപരിധി ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് നടപടി.
ബുധനാഴ്ച ഉച്ചകഴിഞ്ഞ്, മന്ത്രാലയത്തിന്റെ വക്താവായ ഗജേന്ദ്ര ഠാക്കൂര്‍, അര്‍ദ്ധരാത്രിക്ക് മുന്‍പ് സോഷ്യല്‍ മീഡിയ കമ്പനികള്‍ തങ്ങളെ സമീപിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. അല്ലാത്തപക്ഷം, സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരും സമീപിക്കാത്ത സാഹചര്യത്തില്‍, വ്യാഴാഴ്ച മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗം നിരോധനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നേപ്പാള്‍ സര്‍ക്കാരിനെതിരെ ഒരു വിഭാഗം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ശനമായ മേല്‍നോട്ടവും നിയന്ത്രണ നടപടികളും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ പല സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും അപ്രായോഗികവും അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് തോന്നിയിരിക്കാമെന്നും ഇതാവാം രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചതിന് കാരണമെന്നും ആക്ടവിസ്റ്റുകള്‍ പറയുന്നു.
