600 ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ്; ആറുപേര്‍ മരിച്ചതായി റിപോര്‍ട്ട്

ഇന്ത്യാനയിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ ജോലിചെയ്യുന്ന ജീവനക്കാരിയാണ് ഒരു ടിവി പരിപാടിയില്‍ ഇതുസംബന്ധിച്ച കണക്ക് പങ്കുവച്ചത്.

Update: 2020-05-11 06:37 GMT

സാന്‍ഫ്രാന്‍സിസ്‌കോ: ആമസോണ്‍ കമ്പനിയിലെ ഏകദേശം 600 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. ഇതില്‍ ആറു പേര്‍ മരിച്ചതായും സിബിഎസ് റിപോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഔദ്യോഗിക കണക്കുപ്രകാരം നാലുപേരാണ് മരിച്ചത്. ഇന്ത്യാനയിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ ജോലിചെയ്യുന്ന ജീവനക്കാരിയാണ് ഒരു ടിവി പരിപാടിയില്‍ ഇതുസംബന്ധിച്ച കണക്ക് പങ്കുവച്ചത്.

രോഗബാധ സ്ഥിരീകരിച്ച വ്യക്തിക്ക് ആമസോണ്‍ അയക്കുന്ന റോബോകോളുകള്‍ ശേഖരിച്ചാണ് താന്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് 59കാരിയായ ജന ജമ്ബ് പറയുന്നു. അമേരിക്കയില്‍ ഉയര്‍ന്ന കൊവിഡ് ബാധിതര്‍ക്കിടയില്‍നിന്നാണ് ഇത്രയും പേര്‍ക്ക് രോഗംബാധിച്ചതെന്ന് ജന പറയുന്നു. എന്നാല്‍, ഇത്തരത്തിലുള്ള വിവരശേഖരണം ശരിരായ നടപടിയല്ലെന്നാണ് ആമസോണിന്റെ ഹെഡ് ഓഫ് ഓപറേഷന്‍ ഡെയ്‌വ് ക്ലാര്‍ക്ക് പറയുന്നത്. മാരകമായ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാല് മരണങ്ങളുണ്ടായെന്ന് കമ്പനി പറയുന്നു.

അമേരിക്കയില്‍തന്നെ രണ്ടാമത്തെ വലിയ തൊഴില്‍മേഖലാ കമ്പനിയാണ് ആമസോണ്‍. കൊവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷം പേരെയാണ് കമ്പനി ജോലിയ്‌ക്കെടുത്തത്. നിലവില്‍ അമേരിക്കയില്‍ 13 ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2.16 ലക്ഷം പേരുടെ രോഗം ഭേദമായി. 79,528 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. ഇതില്‍ കൂടുകല്‍ പേരും ന്യൂയോര്‍ക്കില്‍നിന്നാണ്. 26,641 പേരാണ് ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത്. ലോകമെമ്പാടും കൊറോണ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 41 ലക്ഷം പിന്നിട്ടു. 2.82 ലക്ഷം പേരാണ് മരിച്ചത്.

Tags: