ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് ശേഷം ഫലസ്തീനില്‍ കൊല്ലപ്പെട്ടത് 1000ത്തിലധികം പേര്‍
ഗസ: മെയ് അവസാനം മുതല്‍ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഗസയില്‍ സഹായ വിതരണം തുടങ്ങിയതിന് ശേഷം കൊല്ലപ്പെട്ടത് 1000ത്തിലധികം പേരെന്ന് റിപോര്‍ട്ട്.യുനൈറ്റഡ് സ്‌റ്റേറ്റസ് ആര്‍മിയിലെ പ്രമുഖനായ ആന്റണി അഗ്വിലാര്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണ് യുഎസിന്റെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ(ജിഎച്ച്എഫ്) പ്രവര്‍ത്തനത്തെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയത്. ജിഎച്ച്എഫിനെതിരേ ലോകത്താകമാനം പ്രതിഷേധം അലയടിച്ചിരിക്കുന്നതിനിടെയാണ്. ആന്റണി അഗ്വിലാറിന്റെ വെളിപ്പെടുത്തല്‍.
ഗസയില്‍ സഹായ വിതരണം നടത്തുന്നതിനിടെ തന്റെ കണ്‍മുന്നില്‍ വച്ചാണ് ഏകദേശം 12 വയസ്സ് പ്രായമുള്ള അമീര്‍ കൊല്ലപ്പെട്ടതെന്ന് അഗ്വിലാര്‍ പറയുന്നു. സഹായം വാങ്ങാനായി 12 കിലോമീറ്റര്‍ നടന്ന വന്നിരുന്നു അമീര്‍. കീറിയ വസ്ത്രങ്ങള്‍ ധരിച്ച് നഗ്നപാദനായാണ് അവന്‍ ജിഎച്ച്എപ് സഹായ വിതരണ കേന്ദ്രത്തിലേക്ക് എത്തിയത്. ആ കുട്ടിക്ക് സഹായം ലഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇസ്രായേല്‍ സൈന്യം അവന് നേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു-ആന്റണി അഗ്വിലാര്‍ പറയുന്നു.
ആ കുട്ടി തനിക്ക് ഹസ്തദാനം ചെയ്തിരുന്നു. ഇത് പോലെ ആയിരകണക്കിന് പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. അടുത്തിടെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം സഹായം വാങ്ങി തിരിച്ചുപോയി. ഉടന്‍ തന്നെ അവര്‍ക്ക് നേരെയുള്ള വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു.
മൊറാഗ് ഇടനാഴിയിലെ ജനസംഖ്യയെ നിയന്ത്രിക്കാന്‍ അവര്‍ വെടിവയ്ക്കുകയാണ്. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍, അവര്‍ ഈ ജനക്കൂട്ടത്തിലേക്ക് വെടിവയ്ക്കുകയാണ്, ഫലസ്തീനികള്‍, സാധാരണക്കാര്‍, മനുഷ്യര്‍, നിലത്തേക്ക് വീഴുന്നു, വെടിയേറ്റ് വീഴുന്നു,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഇത്തരത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും ആന്റണി പറയുന്നു.
