മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിന്റെ വ്യോമാക്രമണം; 100ലേറെ പേര്‍ കൊല്ലപ്പെട്ടു

2021ലാണ് ഭരണം അട്ടിമറിയിലൂടെ സൈന്യം പിടിച്ചെടുത്തത്.

Update: 2023-04-12 07:10 GMT


നായ്പിഡോ : ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന മ്യാന്‍മറില്‍ വടക്കുപടിഞ്ഞാറന്‍ ഗ്രാമത്തില്‍ പട്ടാള ഭരണകൂടം നടത്തിയ വ്യോമാക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു.സാഗയിങ് മേഖലയിലെ കന്‍ബാലു ടൗണ്‍ഷിപ്പിലെ പാസിഗ്യി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.


2021ലാണ് ഭരണം അട്ടിമറിയിലൂടെ സൈന്യം പിടിച്ചെടുത്തത്. ഇതോടെയാണ് രാജ്യത്ത് ആഭ്യന്തര യുദ്ധം ആരംഭിച്ചത്. പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ് നടക്കുന്ന മേഖലകളിലൊന്നാണ് സാഗയിങ്. ഇവിടെ ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ് തുറക്കുന്നതിന് നിരവധി ആളുകള്‍ ഒത്തുകൂടിയിരുന്നു.

രാവിലെ എട്ടോടെ 150 ഓളം വരുന്ന ജനക്കൂട്ടത്തിന് നേരെ യുദ്ധവിമാനം നേരിട്ട് ബോംബ് വര്‍ഷിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രാദേശികമായി രൂപീകരിച്ച സര്‍ക്കാര്‍ വിരുദ്ധ സായുധ ഗ്രൂപ്പുകളുടെയും മറ്റ് പ്രതിപക്ഷ സംഘടനകളുടെയും നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.

മ്യാന്‍മറില്‍ അടുത്തിടെയുണ്ടായ വലിയ ആക്രമണമാണിത്.ഭയാനകമായ അക്രമണമാണിതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പ്രതികരിച്ചു.നിരപരാധികളായ സിവിലിയന്മാരുടെ ജീവന്‍ അപഹരിച്ച് സൈനിക ഭരണകൂടം നടത്തിയ ക്രൂരതയുടെ റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ യൂനിയനെ ഞെട്ടിച്ചെന്ന് യൂറോപ്യന്‍ യൂനിയന്റെ വിദേശകാര്യ വക്താവ് നബീല മസ്സ്‌റാലി പറഞ്ഞു.





Tags: