നാസയില്‍ കൂട്ട പിരിച്ചുവിടല്‍; പുറത്തേക്ക് പോകുന്നത് 3870 പേര്‍

Update: 2025-07-26 08:25 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍നിന്ന് 3,870 ജീവനക്കാര്‍ രാജിവെക്കുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ബഹിരാകാശ ഏജന്‍സിയുടെ പുനഃസംഘടനയുടെ ഭാഗമായി 2025-ല്‍ ആരംഭിച്ച ഡെഫേഡ് റെസിഗ്നേഷന്‍ പ്രോഗ്രാമിന് കീഴില്‍ലാണ് ഇത്രയധികം ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നത്.

സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.കൂട്ടരാജിയോടെ നാസയിലെ സിവില്‍ സര്‍വീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും. ഇത് ഏജന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ്.

കൂടുതല്‍ കാര്യക്ഷമതയും ചിട്ടയുമുളള ഒരു സ്ഥാപനമായി മാറുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നാസ വ്യക്തമാക്കി.ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉള്‍പ്പെടെയുള്ള പര്യവേക്ഷണത്തിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നാം കടക്കുമ്പോള്‍ സുരക്ഷ ഒരു പ്രധാന മുന്‍ഗണനയാണെന്നും നാസ പറയുന്നു.

രാജിയുടെ ആദ്യ ഘട്ടം 2025-ന്റെ തുടക്കത്തില്‍ ആരംഭിച്ചിരുന്നു. ആ സമയത്ത് ഏജന്‍സിയിലെ 4.8 ശതമാനം വരുന്ന 870 ജീവനക്കാര്‍ രാജിക്ക് തയ്യാറായി. ജൂണില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍, 16.4 ശതമാനം വരുന്ന 3,000 ജീവനക്കാര്‍ പിരിഞ്ഞുപോകാന്‍ സമ്മതിച്ചെന്ന് വിവരമുണ്ട്. ഭാവിയില്‍ ഉണ്ടാകാവുന്ന നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നാസയുടെ ദൗത്യങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ഏജന്‍സിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ട്രംപിന്റെ വിവാദമായ ഫെഡറല്‍ പരിഷ്‌കാരങ്ങളാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഇത് അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.