യുഎസിലെ മൗണ്ട് ദെനാലിയില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി

Update: 2025-06-18 09:05 GMT

വാഷിങ്ടണ്‍: മലയാളിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ വടക്കനമേരിക്കന്‍ കൊടുമുടിയായ മൗണ്ട് ദെനാലിയില്‍ കുടുങ്ങി. ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് ദെനാലിയുടെ ക്യാമ്പ് 5-ല്‍ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നാണ് ഷെയ്ക്കിന്റെ സന്ദേശം. എവറസ്റ്റ് ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷെയ്ക് ഹസന്‍ ഖാന്‍.

സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയരത്തിലാണ് നിലവില്‍ ഹസന്‍ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കുടുങ്ങിപ്പോവുകയായിരുന്നു. ബുധനാഴ്ച എട്ടരയോടുകൂടിയാണ് താന്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഷെയ്ഖ് ഹസന്‍ ഖാന്റെ സാറ്റലൈറ്റ് ഫോണ്‍കോള്‍ എത്തിയത്. തുടര്‍ന്ന് സന്ദേശവുമെത്തി. തമിഴ്നാട് സ്വദേശിക്കൊപ്പമാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ദെനാലിയിലേക്ക് പോയത്. ഇത് രണ്ടാംതവണയാണ് അദ്ദേഹം ഈ പര്‍വതം കയറുന്നത്.

പര്‍വതം സംബന്ധിച്ച ഓരോ ദിവസത്തെയും കാലാവസ്ഥ തലേദിവസമാണ് കൃത്യമായി അറിയിക്കുക. മലകയറുന്നവരുടെ കൈവശം ഒരു സാറ്റലൈറ്റ് ഫോണും റേഡിയോയും മാത്രമാണ് ഉണ്ടായിരിക്കുക. ഇവ രണ്ടിലേക്കും പര്‍വതത്തെ സംബന്ധിച്ച കാലാവസ്ഥാ റിപ്പോര്‍ട്ട് കൃത്യമായി ലഭിക്കും. അതനുസരിച്ചാണ് മുകളിലേക്ക് പോവുക. വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്ന് ഷെയ്ഖ് ഹസന്‍ സന്ദേശത്തില്‍ അറിയിച്ചിട്ടുണ്ട്. രണ്ടുപേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ദെനാലി പര്‍വതം കയറാന്‍ അനുവദിക്കുകയുള്ളൂ.