ഇറാന്റെ താത്ക്കാലിക പ്രതിരോധ മന്ത്രിയായി മാജിദ് ഇബ്‌നു അല്‍-റെസ ചുമതലയേറ്റു
തെഹ്റാന്‍: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് (IRGC) ജനറല്‍ മാജിദ് ഇബ്‌നു അല്‍-റെസയെ താത്ക്കാലിക പ്രതിരോധ മന്ത്രിയായി നിയമിച്ചു. അമേരിക്ക-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ ആക്ടിങ് പ്രതിരോധ മന്ത്രിയെ ഇറാന്‍ നിയമിച്ചത്. നിലവില്‍ മാജിദ് ഇബ്‌നു അല്‍-റെസ റവല്യൂഷണറി ഗാര്‍ഡ് ജനറലാണ്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഉത്തരവ് പ്രകാരമാണ് നിയമനം. പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി മെഹ്ദി തബതബഈയാണ് എക്‌സിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
ഇറാന്റെ മുന്‍ പ്രതിരോധ മന്ത്രി അസീസ് നാസിര്‍സാദെ കഴിഞ്ഞദിവസം അമേരിക്ക-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അനുഭവസമ്പന്നനായ റവല്യൂഷണറി ഗാര്‍ഡ്സ് ജനറലിനെ ഈ പദവിയിലേക്ക് നിയമിച്ചിരിക്കുന്നത്. നേരത്തെ ഇറാന്റെ ആക്ടിങ് പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ് ജനറല്‍ മാജിദ് ഇബ്‌നു അല്‍-റെസ.