ലൂവ്ര് മ്യൂസിയത്തിലെ മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍, ആഭരണം കണ്ടെത്താനായില്ല
പാരിസ്: പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന കവര്‍ച്ചയില്‍ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയില്‍ ആകെ നാലു പേരാണ് പിടിയിലായിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ അമൂല്യ വജ്രാഭരണങ്ങള്‍ മോഷണം പോയെന്നാണ് റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ സുരക്ഷാജീവനക്കാര്‍ എത്തുംമുന്‍പ് ബൈക്കില്‍ രക്ഷപെട്ടു പോകുകയായിരുന്നു. ഒക്ടോബര്‍ 19ന് രാവിലെ ഒന്‍പതരയ്ക്ക് സന്ദര്‍ശകര്‍ പ്രവേശിച്ചുതുടങ്ങുമ്പോള്‍ ആണ് സിനിമയെ വെല്ലുന്ന കവര്‍ച്ച നടന്നത്.
സെന്‍ നദിയോട് ചേര്‍ന്നുള്ള ഭാഗത്തു എത്തിയ മോഷ്ടാക്കള്‍ ചരക്കുലിഫ്റ്റില്‍ ഘടിപ്പിച്ചിരുന്ന ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന്റെ അപ്പോളോ ഗ്യാലറിയില്‍ കടക്കുകയായിരുന്നു. ഡിസ്പ്ലെ കേസ് തകര്‍ത്ത് ഉള്ളില്‍ ഉണ്ടായിരുന്ന അമൂല്യ ആഭരണങ്ങള്‍ കൈക്കലാക്കിയ ഇവര്‍, 7 മിനിറ്റിനുള്ളില്‍ പുറത്തിറങ്ങി മോട്ടോര്‍ ബൈക്കില്‍ രക്ഷപെട്ടു. മ്യൂസിയത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്താണ് മോഷണം നടന്നതെന്നും മുഖംമൂടി ധരിച്ച നാലു പേരാണ് ഗോവണിയുടെ അടുത്ത് എത്തിയതെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടമായ വസ്തുക്കളുടെ മൂല്യം നിര്‍ണയിക്കാന്‍ ആകില്ലെന്ന് സാംസ്‌കാരിക മന്ത്രി പ്രതികരിച്ചു.
1804ലെ സ്ഥാനാരോഹണ ചടങ്ങില്‍ നെപോളിയന്‍ ചക്രവര്‍ത്തിയും ജോസഫൈന്‍ ചക്രവര്‍ത്തിനിയും ഉപയോഗിച്ച വജ്രാഭരണങ്ങള്‍ അടക്കം 9 അമൂല്യ വസ്തുക്കള്‍ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും അധികം സന്ദര്‍ശകര്‍ എത്തുന്ന മ്യൂസിയം ആയ ലൂവ്രില്‍, 35000 ഓളം അമൂല്യ വസ്തുക്കള്‍ ആണ് പ്രദര്‍ശനത്തില്‍ ഉള്ളത്. വിഖ്യാതമായ മൊണാലിസ ചിത്രം അടക്കം സൂക്ഷിച്ചിരിക്കുന്ന ഇവിടെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെന്നായിരുന്നു അധികൃതരുടെ അവകാശവാദം.
