ലോക്ക് ഡൗണ്‍: കുവൈത്തില്‍ അവശ്യസാധനങ്ങള്‍ക്കായി ജനം നെട്ടോട്ടത്തില്‍

പ്രദേശത്തിനകത്തെ സഞ്ചാരത്തിന് അനുമതിയുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവാണ് പ്രധാന പ്രതിസന്ധി. ചെറുകടകളില്‍ സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്.

Update: 2020-04-10 00:54 GMT
ഗ്യാസ് സ്‌റ്റേഷനിലെ നീണ്ട ക്യൂ

കുവൈത്ത് സിറ്റി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തുനിന്ന് സാധനങ്ങള്‍ വരുന്നത് നിലച്ച ജലീബ് അല്‍ ശുയൂഖ്, മഹ്ബൂല പ്രദേശങ്ങളിലുള്ളവര്‍ കനത്ത പ്രതിസന്ധിയില്‍. പ്രദേശത്തിനകത്തെ സഞ്ചാരത്തിന് അനുമതിയുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവാണ് പ്രധാന പ്രതിസന്ധി. ചെറുകടകളില്‍ സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അവശ്യഭക്ഷ്യവസ്തുക്കളും ഗ്യാസും തീരുകയാണ്. പച്ചക്കറികളും ലഭ്യമല്ല.

ഭക്ഷ്യധാന്യങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ റസ്റ്റോറന്റുകള്‍ എത്രദിവസംകൂടി സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതില്‍ ആശങ്കയുണ്ട്. പുറത്തുനിന്നുള്ള വാഹനങ്ങള്‍ ജലീബ് അല്‍ ശുയൂഖ്, മഹ്ബൂല പ്രദേശങ്ങളിലേക്ക് കടത്തിവിടുന്നില്ല. ഇവിടെനിന്ന് പുറത്തേക്കും ആരെയും വിടുന്നില്ല. ബഖാലകളിലും റസ്‌റ്റോറന്റുകളിലും സാധനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പ്രത്യേകാനുമതി നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഗ്യാസ് സ്‌റ്റേഷനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരമുള്ള ഒരുമീറ്റര്‍ അകലം പാലിക്കപ്പെട്ടില്ല.

തിരക്ക് നിയന്ത്രിക്കാന്‍ പോലിസും പാടുപെട്ടു. വൈറസ് ബാധയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെങ്കില്‍ ഇത് വളരെ സങ്കീര്‍ണമായ പ്രശ്‌നമായിത്തീരും. കുബ്ബൂസ് ഫാക്ടറികള്‍ക്ക് മുന്നിലും നീണ്ടനിര കാണപ്പെട്ടു. നിലവിലെ സ്‌റ്റോക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരും. ലോക്ക് ഡൗണ്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ഇത് കൂടുതല്‍ ദിവസങ്ങളിലേക്ക് നീളാനുള്ള സാധ്യതയും തള്ളാനാവില്ല. 

Tags:    

Similar News