ലെബ്‌നാനില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; സ്വാഗതം ചെയ്ത് ലെബ്‌നാന്‍

Update: 2026-04-16 17:17 GMT

വാഷിങ്ടണ്‍: ലെബ്‌നാനും ഇസ്രായേലും തമ്മില്‍ പത്തുദിവസത്തെ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായതായി യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ലെബ്‌നാന്‍ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഇക്കാര്യം സംസാരിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേലുമായി ഏറ്റുമുട്ടുന്ന ഹിസ്ബുള്ളയെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനയില്‍ പരാമര്‍ശമില്ല. അതേസമയം തുടര്‍ചര്‍ച്ചകള്‍ക്കായി ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാരെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമാധാനം കൈവരിക്കാനുള്ള നീക്കങ്ങളില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും ട്രംപ് നിര്‍ദേശങ്ങള്‍ നല്‍കി.

ഇസ്രായേലുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാറിനെ ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതംചെയ്തു. യുദ്ധം തുടങ്ങിയ കാലംമുതല്‍ ലെബ്‌നാന്‍ ഇത്തരമൊരു കരാര്‍ ആവശ്യപ്പെടുണ്ട്. വെടിനിര്‍ത്തല്‍ നടപ്പിലാകുന്നതോടെ യുദ്ധത്തെത്തുടര്‍ന്ന് വീടുകളില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക് സുരക്ഷിതമായി തിരിച്ചെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സലാം പറഞ്ഞു.