ഹെലികോപ്റ്റര്‍ തകര്‍ന്ന് ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റും മകളും മരിച്ചു

ബ്രയന്റും മകള്‍ ജിയാന (13)യും ഉള്‍പ്പടെ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. ലാസ് വിര്‍ജെനെസില്‍നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു.

Update: 2020-01-27 01:34 GMT

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റും (41) മകളും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു. കാലഫോര്‍ണിയയില്‍ പ്രദേശിക സമയം രാവിലെ 10നാണ് അപകടമുണ്ടായത്. ബ്രയന്റും മകള്‍ ജിയാന (13)യും ഉള്‍പ്പടെ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. ലാസ് വിര്‍ജെനെസില്‍നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപ്പിടിച്ചത് ദുരന്തത്തിന്റെ ആഴംകൂട്ടി. അപകടത്തില്‍ മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടമുണ്ടാവുമ്പോള്‍ ഒമ്പതുപേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണുണ്ടായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടോളം എന്‍ബിഎ ടീം ലോസ് ആഞ്ചലീസ് ലീക്കേഴ്‌സിന്റെ താരമായിരുന്നു ബ്രയന്റ്. അഞ്ചുതവണ ചാംപ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ടോറന്റോറാപ്‌ടോര്‍സിനെതിരേ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ്. 2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്‌കാരം ബ്രയന്റ് നേടി. രണ്ടു തവണ എന്‍ബിഎ സ്‌കോറിങ് ചാംപ്യനുമായി. 2008ലും 2012ലും യുഎസ് ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടുതവണ ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്. 2018ല്‍ 'ഡിയര്‍ ബാസ്‌കറ്റ് ബോള്‍' എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്. വനേസയാണ് ബ്രയന്റിന്റെ ഭാര്യ.  

Tags:    

Similar News