ഖഷഗ്ജിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

Update: 2019-09-27 09:49 GMT

റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചു കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തന്റെ അധികാര പരിധിയിലാണ് കൊലപാതകം നടന്നത്. അതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു- മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിനു വ്യക്തമായ പങ്കുണ്ടെന്നു ആദ്യം മുതലേ ആരോപണമുയര്‍ന്നിരുന്നു. കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിനു പങ്കുണ്ടെന്നു യുഎന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ വിശ്വസനീയമായ തെളിവുണ്ടെന്നും അദ്ദേഹം അന്വേഷണം നേരിടണമെന്നുമായിരുന്നു യുഎന്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ട്. ക്രൂരമായ കൊലപാതകത്തില്‍ സൗദി അറേബ്യയ്ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കിരീടാവകാശിയുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയായിരുന്നുവെന്നും ആഗ്‌നസ് കാലമാര്‍ഡ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇവയെല്ലാം സൗദി അറേബ്യ തള്ളുകയായിരുന്നു. ഇതാദ്യമായാണ് സല്‍മാന്‍ രാജകുമാരന്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പരസ്യപ്രസ്താവന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജമാല്‍ ഖഷഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചു കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 21നാണ് ഖഷഗ്ജി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. 

Tags: