തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാ പത്രം ജെഎന്‍യു മരവിപ്പിച്ചു

ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാ പത്രം ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല മരവിപ്പിച്ചു. ദേശീയ സുരക്ഷയ്ക്ക് ഈ ധാരണ ഭീഷണിയാണെന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് മൂന്നുവര്‍ഷത്തേക്ക് ധാരണാപത്രം ഒപ്പുവച്ചത്. സാംസ്‌കാരിക മേഖലയിലെ ഗവേഷണം, വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കല്‍ തുടങ്ങിയവയാണ് ധാരണയിലുണ്ടായിരുന്നത്. പക്ഷേ, ഇന്ത്യയും പാകിസ്താനും തമ്മില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജെഎന്‍യു നിലപാട് മാറ്റുകയായിരുന്നു. തുര്‍ക്കി നല്‍കിയ ഡ്രോണുകളാണ് പാകിസ്താന്‍ ഇന്ത്യയെ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇന്ത്യ പറയുന്നു. തുര്‍ക്കിയെ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്നാണ് സംഘപരിവാര സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.