ജമാല്‍ ഖഷഗ്ജി വധം: സൗദി വിചാരണ പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭ

സ്വതന്ത്രവും അന്താരാഷ്ടതലത്തിലുള്ള അന്വേഷണവും കേസിലുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

Update: 2019-01-05 14:15 GMT

വാഷിങ്ടണ്‍: വിമത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി വധക്കേസില്‍ സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന വിചാരണ പര്യാപ്തമല്ലെന്നും ന്യായമായി കണക്കാക്കാനാവില്ലെന്നും ഐക്യരാഷ്ട്ര സഭ. യുഎന്‍ മനുഷ്യാവകാശ ഓഫിസ് വക്താവ് മിഷല്ലെ ബാച്ച്‌ലെറ്റ് ആണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സ്വതന്ത്രവും അന്താരാഷ്ടതലത്തിലുള്ള അന്വേഷണവും കേസിലുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. റിയാദിലെ വിചാരണ സ്വതന്ത്ര അന്വേഷണത്തിന്റെ ഭാഗമായുള്ളതല്ലെന്ന് ഐക്യരാഷ്ട്രസഭയിലെ മറ്റൊരു വക്താവ് രവിണ ഷംദാസനിയും അഭിപ്രായപ്പെട്ടു. ഖഷഗ്ജിക്ക് നീതി ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തമുള്ള സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് നാലുമാസം മുമ്പ് താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഖഷോഗ്ജി വധത്തിന്റെ വിചാരണ സൗദിയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. ഒക്ടോബറിലാണ് ഖഷഗ്ജി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെടുന്നത്. 11 പ്രതികളുള്ള കേസില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കേസില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നായിരുന്നു അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ കണ്ടെത്തല്‍. എന്നാല്‍, കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്ക് ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകളില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സല്‍മാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിനിടെ, കൊലപാതകം സംബന്ധിച്ച് സൗദി ഭരണകൂടത്തിന്റെ ഔദ്യോഗിക വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് സീനിയര്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്തയാഴ്ച സൗദി അറേബ്യ ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യുഎസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. എട്ട് അറബ് രാജ്യങ്ങളിലാണ് മൈക്ക് പോംപിയോ സന്ദര്‍ശനം നടത്തുന്നത്. സൈനിക പിന്‍മാറ്റം സംബന്ധിച്ച് യുഎസ് സ്വീകരിക്കുന്ന നയത്തിന് അറബ് രാജ്യങ്ങളുടെ പിന്തുണ നേടുകയെന്നതാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശം. ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലും പോംപിയോ സന്ദര്‍ശനം നടത്തുന്നുണ്ട്. സിറിയയില്‍നിന്നുള്ള സൈനിക പിന്‍മാറ്റം വൈകിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. സൈനിക പിന്‍മാറ്റത്തിന് നാലു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച് നേരത്തേയുള്ള ഉത്തരവ് ട്രംപ് തിരുത്തിയത്.



Tags: