ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയിലേക്ക്

ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തെല്‍ അവീവില്‍നിന്നു പുറപ്പെട്ടത്.

Update: 2021-12-12 15:54 GMT

തെല്‍ അവീവ്: ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയിലേക്ക്. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തെല്‍ അവീവില്‍നിന്നു പുറപ്പെട്ടത്. ഗള്‍ഫ് രാഷ്ട്രത്തിലേക്കുള്ള ഒരു ഇസ്രായേലി പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയും ഏകദിന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുമെന്ന് നഫ്താലിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.സാമ്പത്തിക, പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരുവരും പദ്ധതിയിടുന്നതായി ബെന്നറ്റിന്റെ ഓഫീസ് അറിയിച്ചു.

'എല്ലാ മേഖലകളിലും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ആഴത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ള ചരിത്രപരമായ സന്ദര്‍ശനത്തിന് പുറപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നമ്മുടെ ബന്ധങ്ങള്‍ മികച്ചതും വൈവിധ്യപൂര്‍ണ്ണവുമാണ്, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഊഷ്മളമായ സമാധാനം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ അവയെ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്'-ബെന്നറ്റിന്റെ ഓഫിസ് അറിയിച്ചു. യുഎഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ടെഹ്‌റാന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ബെന്നറ്റിന്റെ യാത്ര.

അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് എമിറാത്തി അധികൃതരുടെ ഔദ്യോഗിക അഭിപ്രായമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല.

തെഹ്‌റാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ലോകശക്തികളും ഇറാനും തമ്മിലുള്ള പുതിയ കരാറിനെതിരേ ഇസ്രായേല്‍ തങ്ങളുടെ എതിര്‍പ്പ് ആവര്‍ത്തിക്കുന്നതിനിടെയാണ് ബെന്നറ്റിന്റെ സന്ദര്‍ശനം.

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള യുഎസ് സ്‌പോണ്‍സര്‍ ചെയ്ത കരാറില്‍ കഴിഞ്ഞ വര്‍ഷം യുഎഇ ഒപ്പുവച്ചിരുന്നു.

Tags:    

Similar News