ഗസയിലെ ഇസ്രായേല്‍ ആക്രമണം; മരണം 5000 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 436 പേര്‍

Update: 2023-10-23 13:20 GMT

റഫ: ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മരണസംഖ്യ 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 182 പേര്‍ കുട്ടികളാണ്. ഇതുവരെ 5087 പേരാണ് കൊലപ്പെട്ടത്. 15273 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 2055 പേര്‍ കുട്ടികളും 1119 പേര്‍ സ്തീകളും 217പേര്‍ വയോധികരുമാണ്. ഇതിനിടെ ഗസ സിറ്റിയുടെ സമീപ പ്രദേശമായ അല്‍ നസറില്‍ നിന്നും അല്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേലിന്റെ മുന്നറിയിപ്പ്. പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കകം ഒഴിഞ്ഞ് പോകണമെന്നാണ് മുന്നറിയിപ്പ്.


ഞായറാഴ്ച രാത്രി ഗസയില്‍ പ്രവേശിച്ച് തെരച്ചില്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. അടുത്തഘട്ട യുദ്ധത്തിന് തയ്യാറെടുക്കുന്ന ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ഗസയില്‍ തെരച്ചില്‍ നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. തെരച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായുമാണ് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കുന്നത്. തെക്കന്‍ ഗസയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച ഒരു വിഭാഗം ഇസ്രായേലി സൈനികരെ നേരിട്ടതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് കടന്നുകയറ്റ ശ്രമമുണ്ടായതെന്നും ഹമാസ് വ്യക്തമാക്കുന്നു. ഇസ്രായേലിന്റെ സൈനിക ഉപകരണങ്ങള്‍ വിജയകരമായി നശിപ്പിക്കാന്‍ സാധിച്ചെന്നും ഹമാസ് അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ വടക്കന്‍ ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ ഗസയിലുണ്ടായ ആക്രമണത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റുവെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


 

തുടര്‍ച്ചയായുള്ള ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ ആശുപത്രികള്‍ ഭീഷണിയിലാണ്. വൈദ്യുതിയും വെള്ളവും മറ്റ് അവശ്യ മെഡിക്കല്‍ വസ്തുക്കളും ലഭ്യമാകാതെ വന്നതോടെ ഗസയിലെ ഏകദേശം 30 ആശുപത്രികളില്‍ ഏഴെണ്ണം അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്. മറ്റ് ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 120 നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയിലാണ്. കൈവശമുള്ള ഇന്ധനം, വരുന്ന 48 മണിക്കൂറിനുള്ളില്‍ തീരുമെന്ന് വടക്കന്‍ ഗസയിലെ അല്‍ ഷിഫ ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബു സല്‍മിയ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള സഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളില്‍ നിന്ന് രോഗികള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






Tags:    

Similar News