തെക്കന്‍ ഇറാനില്‍ വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; യാത്രാവിമാനം തകര്‍ന്നു
തെഹ്റാന്‍: ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രാവിമാനം തകര്‍ന്നു. തെക്കന്‍ തുറമുഖ നഗരമായ ബുഷെഹറിലെ വിമാനത്താവളത്തിലാണ് സംഭവം. ഇറാന്‍ എയറിന്റെ വിമാനമാണ് തകര്‍ന്നത്. ആക്രമണ സമയത്ത് വിമാനം ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
വിമാനം സര്‍വീസിനൊരുങ്ങുകയായിരുന്നോ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തോ എന്നതിനെ കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. പേര്‍ഷ്യന്‍ ഗള്‍ഫിനോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്നിടമാണ് ബുഷെഹര്‍. ഇറാനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഏക ആണവനിലയവും ഇവിടെയാണുള്ളത്.
ഇറാനിലെ മറ്റൊരു പ്രധാന വിമാനത്താവളമായ മെഹ്റാബാദിനു നേര്‍ക്കും ആക്രമണമുണ്ടായതായാണ് വിവരം. മെഹര്‍ ന്യൂസ് ഏജന്‍സി ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമായും ആഭ്യന്തര സര്‍വീസുകളാണ് മെഹ്റാബാദ് വിമാനത്താവളത്തില്‍നിന്നുള്ളത്.