ഫലസ്തീനിലെ ഇസ്രായേല്‍ വംശഹത്യ; മുന്‍ ജസ്റ്റിസ് എസ് മുരളീധര്‍ യുഎന്‍ അന്വേഷണ പാനലിന്റെ അധ്യക്ഷന്‍

Update: 2025-11-27 17:43 GMT

ന്യൂഡല്‍ഹി:ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട യുഎന്‍ അന്വേഷണ പാനലിന്റെ അധ്യക്ഷനായി വിരമിച്ച ജസ്റ്റിസ് എസ് മുരളീധരനെ നിയമിച്ചു. ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ഇദ്ദേഹം, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ (കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായാണ് ചുമതലയേറ്റത്.

മനുഷ്യാവകാശ കൗണ്‍സില്‍ പ്രസിഡന്റ് അംബാസഡര്‍ ജര്‍ഗ് ലോബറാണ് നിയമനം പ്രഖ്യാപിച്ചത്, സംഘര്‍ഷത്തിന്റെ ഇരുവശത്തുമുള്ള അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയെ ജസ്റ്റിസ് മുരളീധര്‍ നയിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സാംബിയയിലെ ഫ്‌ലോറന്‍സ് മുംബയ്ക്കും ഓസ്ട്രേലിയയിലെ ക്രിസ് സിഡോട്ടിക്കും ഒപ്പം അദ്ദേഹം സേവനമനുഷ്ഠിക്കും. 2025 സെപ്റ്റംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഗസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ നടത്തിയതായി കമ്മീഷന്‍ നിഗമനം ചെയ്തു.

ഏകദേശം രണ്ട് പതിറ്റാണ്ടോളം ഇന്ത്യയിലെ സുപ്രിം കോടതിയില്‍ പ്രാക്ടീസ് ചെയ്ത ജസ്റ്റിസ് മുരളീധര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. നിരവധി പൊതുതാല്‍പ്പര്യ കേസുകളില്‍ അമിക്കസ് ക്യൂറിയായി ഹാജരായി. 2006-ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2021-ല്‍ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി.2023-ല്‍ വിരമിച്ച ശേഷം, അദ്ദേഹം നിയമരംഗത്തേക്ക് മടങ്ങി, സുപ്രിം കോടതി സീനിയര്‍ അഭിഭാഷകനായി നിയമിതനായി.





Tags: