ഗസയിലേക്കുള്ള ഗ്രെറ്റയുടെയും സംഘത്തിന്റെയും കപ്പല്‍ യാത്ര തടയാന്‍ ഇസ്രായേല്‍ നിര്‍ദേശം നല്‍കി

തെല്‍ അവീവ്: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരുമായി ഗസാ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി പോകുന്ന കപ്പല്‍ തടയാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രായേല്‍. മദ്ലീന്‍ എന്ന കപ്പലിലാണ് ഗ്രെറ്റയുടെയും സംഘത്തിന്റെയും യാത്ര. കപ്പല്‍ ഗസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന് (ഐഡിഎഫ്) നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്സ് പ്രസ്താവനയില്‍ അറിയിച്ചു. ഗസയില്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ തിരിച്ചുവരുന്നതാണ് നല്ലതെന്നും അദ്ദേഹം ഗ്രെറ്റയ്ക്കും സംഘത്തിനും മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍ പ്രദേശത്തിനു മീതേയുള്ള നാവിക ഉപരോധം മറികടക്കാന്‍ ഇസ്രായേല്‍ ആരെയും അനുവദിക്കില്ലെന്നും കാട്സ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ഒന്നിനാണ് കപ്പല്‍ ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലിന്‍ തുറമുഖത്തുനിന്ന് ഗസ ലക്ഷ്യമാക്കി പുറപ്പെട്ടത്. ഫ്രീഡം ഫ്ലോട്ടില്ല കൊയിലിഷന്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇത്. പഴച്ചാറുകള്‍, പാല്‍, അരി, ടിന്നിലടച്ച ഭക്ഷണപദാര്‍ഥങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത് എന്നാണ് വിവരം.
ഇത് രണ്ടാംവട്ടമാണ് ഗസയിലേക്ക് സഹായമെത്തിക്കാന്‍ ഫ്രീഡം ഫ്ലോട്ടില്ല കൊയിലിഷന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. കഴിഞ്ഞമാസമായിരുന്നു ആദ്യത്തെ ശ്രമം. അന്ന് മാള്‍ട്ടാ തീരത്തുകൂടി നീങ്ങവേ കപ്പലില്‍ ഡ്രോണ്‍ പതിച്ചു. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നായിരുന്നു സംഘത്തിന്റെ ആരോപണം. അന്ന് കപ്പലിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
സഹായവുമായി എത്തുന്ന കപ്പലിനെ ഗസയിലേക്ക് എത്തിച്ചേരാന്‍ അനുവദിക്കില്ലെന്ന് ഐഡിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന്റെ വരവ് തടയാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് ഐഡിഎഫ് വക്താവ് അന്താരാഷ്ട്ര മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രെറ്റയെ കൂടാതെ കപ്പലില്‍ ഉള്ള മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ ഇവരാണ്: റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍(ജര്‍മനി), ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ (ഫ്രാന്‍സ്), തിയാഗോ അവില (ബ്രസീല്‍), ഒമര്‍ ഫൈയാദ് (ഫ്രാന്‍സ്), പാസ്‌കല്‍ മൗറീറാസ് (ഫ്രാന്‍സ്), യാനിസ് (ഫ്രാന്‍സ്), സുയൈബ് ഒര്‍ദു (തുര്‍ക്കി), സെര്‍ജിയോ ടൊറിബിയോ (സ്പെയിന്‍), മാര്‍ക്കോ വാന്‍ റെന്നിസ് (നെതര്‍ലന്‍ഡ്), റെവ വിയാഡ് (ഫ്രാന്‍സ്). ഇവര്‍ക്കൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമും കപ്പലിലുണ്ട്.