സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചുവരുന്ന ഇസ്രായേല്‍ പക്ഷേ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഡമാസ്‌കസിന് പ്രാന്തപ്രദേശത്ത് സെയ്‌നാബിയാ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് റാസി മൗസവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
2020ല്‍ യു.എസ്. ഡ്രോണ്‍ ആക്രമണത്തില്‍ ബാഗ്ദാദില്‍ കൊല്ലപ്പെട്ട, ക്വാഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൂട്ടാളിയായിരുന്നു റാസി മൗസവി. അടുത്ത ആഴ്ച സുലൈമാനി വധത്തിന്റെ നാലാം വാര്‍ഷികം ആചരിക്കാനിരിക്കെയാണ് റാസി മൗസവി കൊല്ലപ്പെടുന്നത്. 2020നുശേഷം കൊല്ലപ്പെടുന്ന ക്വാഡ്‌സിന്റെ ഉന്നത നേതാവാണ് റാസി.
റാസി മൗസവിയെ ലക്ഷ്യമിട്ട് മൂന്ന് മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം അറിയിച്ചു. ആക്രമണമുണ്ടായ സ്ഥലത്ത് പുകയുയരുന്നതിന്റെ ദൃശ്യം പുറത്തുവിട്ടു. സിറിയയില്‍ തങ്ങളുടെ രണ്ടു സേനാംഗങ്ങള്‍ ഡിസംബര്‍ രണ്ടിന് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. അതേസമയം, ഇറാഖില്‍ ഇറാന്‍ പിന്തുണയുള്ള സായുധസംഘങ്ങളുടെ ആക്രമണത്തില്‍ മൂന്ന് യു.എസ്. പൗരന്മാര്‍ക്ക് പരിക്കേറ്റു. ഇതിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു.
