തെല്‍അവീവ്: ഇസ്രായേലിന് നേരെ ഇറാന്‍ ആക്രമണം നടത്തുന്ന പക്ഷം മുന്‍പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഭാഗത്തുനിന്ന് അത്തരമൊരു വീഴ്ചയുണ്ടാകുകയാണെങ്കില്‍ ഇറാന്‍ ഇതുവരെ നേരിടാത്ത സൈനിക നടപടിയിലേക്ക് ഇസ്രായേല്‍ നീങ്ങുമെന്ന് നെതന്യാഹു പാര്‍ലമെന്റ് യോഗത്തില്‍ പറഞ്ഞതായി ചൈനീസ് മാധ്യമമായ ഷിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇറാന് എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നും ഇറാന് പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാനാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയെന്നും നെതന്യാഹു പറഞ്ഞു. ഇറാനുമായുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ യുഎസ് പശ്ചിമേഷ്യന്‍ ഭാഗത്തേക്ക് നീക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
അതേസമയം, ഗസയിലെ യുദ്ധാനന്തര ഭരണം സംബന്ധിച്ച് യുഎസ് നേതൃത്വത്തിലുള്ള പദ്ധതികളെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. തുര്‍ക്കി- ഖത്തര്‍ സൈനികരെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധ്യക്ഷത വഹിക്കുന്ന സമാധാന സമിതിയില്‍ തുര്‍ക്കി, ഖത്തര്‍ ഉദ്യോഗസ്ഥരെ സാധ്യതയുള്ള പങ്കാളികളായി പരാമര്‍ശിച്ചിരുന്നു. ഗസയില്‍ തുര്‍ക്കിയുടെ ഏതെങ്കിലും വിധത്തിലുള്ള പങ്കാളിത്തത്തെ ഇസ്രായേല്‍ ആവര്‍ത്തിച്ച് എതിര്‍ത്തിട്ടുണ്ട്, കൂടാതെ ഖത്തറുമായി ഇസ്രയേലിന് അസ്വസ്ഥമായ ബന്ധമാണുള്ളത്.
