ഹോര്‍മുസ്; ചില കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കും: ഇറാന്‍

Update: 2026-03-23 07:52 GMT

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന ചില കപ്പലുകളില്‍ നിന്ന് വന്‍ തുക ടോള്‍ ഈടാക്കാന്‍ ഇറാന്‍ തീരുമാനിച്ചു. കപ്പലുകളില്‍ നിന്ന് 2 മില്യന്‍ ഡോളര്‍ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം. ഇസ്രായേല്‍-യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍പ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ തീരുമാനം.

'ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ചില കപ്പലുകളില്‍ നിന്ന് 2 മില്യന്‍ ഡോളര്‍ ട്രാന്‍സിറ്റ് ഫീസായാണ് ഈടാക്കുക. ഇത് ഇറാന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. യുദ്ധത്തിന് വലിയ വില നല്‍കേണ്ടതുണ്ട്'- ഇറാന്‍ പാര്‍ലമെന്റ് അംഗവും ഇറാനിയന്‍ ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാദിന്‍ ബറോജെര്‍ഡി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്ങിനോട് (IRIB) പറഞ്ഞു. ടോള്‍ ഇതിനോടകം നടപ്പാക്കി തുടങ്ങിയെന്നാണ് വിവരം. ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറാന്‍ കൈക്കൊള്ളുന്ന നിര്‍ണായക തീരുമാനമാണിത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്.

നേരത്തെ. വൈദ്യുതനിലയങ്ങള്‍ തകര്‍ത്താല്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. കടല്‍ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്രായേലിലെയും ഡിസാലിനേഷന്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണു ഭീഷണി. 48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതനിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.





Tags: