'പൈലറ്റ് ഓപ്പറേഷന്‍' അമേരിക്കയ്ക്ക് അത്ര ഈസിയായല്ലെന്ന് ഇറാന്‍; വന്‍ നഷ്ടം

Update: 2026-04-06 08:44 GMT

തെഹറാന്‍: എഫ്-15ഇ യുദ്ധവിമാനം ഈഗിളിനെ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് കാണാതായ പൈലറ്റിനെ അത്ര എളുപ്പത്തിലല്ല അമേരിക്ക രക്ഷപ്പെടുത്തിയതെന്ന് ഇറാന്‍ റവല്യൂഷണറി കോര്‍പ്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമപരിധിക്കു മുകളിലൂടെ പറന്നതെല്ലാം ഇറാന്‍ വെടിവച്ചിട്ടതായും ഗതാഗത വിമാനമുള്‍പ്പടെ തകരാറിലാക്കിയതായും ഐആര്‍ജിസി വെളിപ്പെടുത്തുന്നതായി ഇറാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിയന്‍ സൈന്യത്തിന്റെ ഏകീകൃത കമാന്റായ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൈലറ്റിനെ രക്ഷിക്കാനുള്ള ഓപ്പറേഷനിടെ യുഎസ് സൈന്യത്തിന് കനത്ത നാശനഷ്ടം സംഭവിച്ചെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇസ്ഫഹാന്റെ തെക്ക് ഭാഗത്തുവച്ച് സി-130 സൈനിക ഗതാഗത വിമാനവും, രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തകര്‍ക്കപ്പെട്ട വിമാനങ്ങളില്‍പ്പെടുന്നവയാണ്.

ഒരു ഇസ്രായേലി ഡ്രോണും വെടിവച്ചിട്ടതായി ഇറാന്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വിമാനങ്ങളൊക്കെ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും ഐആര്‍ജിസി പറയുന്നു. റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഒരു തകര്‍ന്ന സി-130 വിമാനത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും കറുത്ത പുകയും അടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം തന്നെ രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ടു എന്ന് കൂടി ഇറാന്‍ വക്താക്കള്‍ പറയുന്നു.

യുഎസിന്റെ എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടതിനു പിന്നാലെ ചാടിരക്ഷപ്പെട്ട യുഎസ് കേണല്‍ രണ്ടു ദിവസം കാണാമറയത്തായിരുന്നു. തുടര്‍ന്ന് യുഎസ് പ്രത്യേക സംഘമെത്തി സങ്കീര്‍ണതകള്‍ നിറഞ്ഞ ഓപ്പറേഷനിലൂടെയാണ് പൈലറ്റിനെ രക്ഷപ്പെടുത്തി കുവൈത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയതെന്ന് ഇന്നലെ പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഒരു അമേരിക്കന്‍ പൗരനു പോലും ജീവന്‍ നഷ്ടമായില്ലെന്നത് വലിയ നേട്ടമായി കരുതുന്നു എന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. ഈ വാദം ശരിയല്ലെന്നാണ് ഇപ്പോള്‍ ഇറാന്‍ വക്താക്കള്‍ പറയുന്നത്.

ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങള്‍ ഘടിപ്പിച്ച ഡസണ്‍ കണക്കിനു വിമാനങ്ങളാണ് പൈലറ്റിനെ രക്ഷിക്കാനായി അമേരിക്ക അയച്ചതെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യേക ഫോഴ്‌സും സൈബര്‍,ബഹിരാകാശ, ഇന്റലിജന്‍സ് സംവിധാനങ്ങളും ഇതിനായി ഉപയോഗിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശത്രുരാജ്യത്തു പോയി മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനിലൂടെ പൈലറ്റുമാരെ രക്ഷിച്ചതെന്നും യുഎസ് അവകാശപ്പെട്ടു.