ഖത്തറിലേക്ക് മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ച് ഇറാന്‍, ജാഗ്രതാനിര്‍ദേശം, ജനങ്ങളോട് താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍

Update: 2026-03-01 09:14 GMT

ദോഹ: രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സ്ഫോടകശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ അടിയന്തരജാഗ്രതാ നിര്‍ദേശം പുറത്തിറക്കി ഖത്തര്‍. ജനങ്ങളോട് താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍ ഭരണകൂടം ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളില്‍ ഒഴികെ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഖത്തറിലേക്ക് 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാന്‍ ഞായറാഴ്ച വര്‍ഷിച്ചത്. വിവിധ ആക്രമണങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദോഹയിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാന്‍ മിസൈല്‍ ആകാശത്തുവെച്ചുതന്നെ തകര്‍ത്തതായി ഖത്തര്‍ അറിയിച്ചു. ദോഹയിലെ ഇറാന്‍ ആക്രമണശ്രമത്തിനിടെ വ്യാവസായിക മേഖലയില്‍ ചെറിയ തീപ്പിടിത്തമുണ്ടായി. ആളപായമില്ലെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഖത്തര്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചു. പരിക്കുകളും തീപ്പിടിത്തങ്ങളുമേറേയും ഇതിന്റെ അവശിഷ്ടങ്ങള്‍ താഴെ വീണതിനെത്തുടര്‍ന്നുണ്ടായതാണ്. അതേസമയം, ഖത്തറിലേക്ക് ഇറാന്‍ ഏത് മാര്‍ഗമുപയോഗിച്ചാണ് മിസൈലുകള്‍ വര്‍ഷിക്കുന്നതെന്ന് വ്യക്തമല്ലന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമേഷ്യയില്‍ 27 യുഎസ് വ്യോമതാവളങ്ങള്‍ തകര്‍ത്തതായി ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രത്യാക്രമണത്തിന്റെ ആറാംഘട്ടമാണിപ്പോഴെന്നും ഐആര്‍ജിസി പറഞ്ഞു. ടെല്‍നോഫിലും ടെല്‍ അവീവിലും ഇസ്രയേലിന്റെ പ്രതിരോധസംവിധാനങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയെന്നും അവര്‍ അവകാശപ്പെട്ടു.





Tags: