യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍
നഷ്ടപരിഹാരവും ഭാവിയില്‍ ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും ഇറാന്‍ ആവശ്യപ്പെടുന്നു
തെഹ്റാന്‍: ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യമിടാന്‍ തയ്യാറാണെന്ന സൂചന നല്‍കി ഇറാന്‍. തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ സമാധാനത്തിന് തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. മൂന്ന് സമാധാന ഉപാധികളാണ് ഇറാന്‍ ഭരണകൂടം മുന്നോട്ടുവെച്ചത്. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം വേണം, തുടര്‍ ആക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തില്‍ ഉറപ്പുവേണം, ഇറാന്റെ പരാമാധികാരത്തിന് മേല്‍ കടന്നുകയറ്റം പാടില്ല തുടങ്ങിയ ഉപാധികളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായും പാകിസ്താന്‍ അധികൃതരുമായും നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ആദ്യമായാണ് ഇറാന്‍ ഉപാധികള്‍ പരസ്യമായി അറിയിക്കുന്നത്.
ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര തലത്തിലുള്ള അവകാശങ്ങളും അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി അംഗീകരിക്കണം. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇറാന് ഉണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങള്‍ക്ക് കൃത്യമായ പരിഹാരം നല്‍കണം. ഭാവിയില്‍ ഇറാന്റെ മണ്ണില്‍ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രായേലും രേഖാമൂലം ഉറപ്പ് നല്‍കണം. ഉപാധികള്‍ യുഎസും ഇസ്രായേലും അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. പ്രദേശത്ത് സമാധാനം പുലരണമെന്നാണ് തന്റെയും നിലപാട്. എന്നാല്‍ തങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.
സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരിട്ട് ഇടപെടുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. പുടിന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് സമാധാന നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിന് പാകിസ്താനും സജീവമായ നീക്കങ്ങളാണ് നടത്തുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന ഇറാന്‍, ഇപ്പോള്‍ ഉപാധികള്‍ മുന്നോട്ടുവെച്ചത് ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍, ഇറാന്‍ ഉപാധികള്‍ അംഗീകരിക്കാന്‍ അമേരിക്കയും ഇസ്രായേലും തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. ബഹ്റയ്ന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തുന്ന ആക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അതേസമയം ഇസ്രായേല്‍-യുഎസ് ആക്രമണത്തെപ്പറ്റി പ്രമേയത്തില്‍ പരാമര്‍ശമില്ല. ഇതിനെതിരെ ഇറാന്‍ രംഗത്തെത്തി. പ്രമേയം പക്ഷപാതപരമാണെന്ന് ഇറാന്‍ ആരോപിച്ചു.

