ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങള്‍ അടച്ചുപൂട്ടണം, ഹോര്‍മുസിന്റെ പൂര്‍ണ നിയന്ത്രണം വേണം: നിബന്ധനകളുമായി ഇറാന്‍

Update: 2026-03-25 09:41 GMT

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മുന്നില്‍ കര്‍ശന നിബന്ധന വച്ച് ഇറാന്‍. ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണമായും അടച്ചുപൂട്ടണമെന്നതാണ് ഇറാന്‍ പ്രധാനമായും മുന്നോട്ട് വച്ച ഒരു നിബന്ധന. യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച യുഎസിന്റെ നടപടിയോടുള്ള പ്രതികരണമായാണ് ഇറാന്‍ ഈ നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോര്‍മുസിന്റെ പൂര്‍ണ നിയന്ത്രണം വേണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.

ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കുക, ഹിസ്ബുള്ളക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാന്‍ മുന്നോട്ട് വച്ച മറ്റ് നിര്‍ദേശങ്ങള്‍. ഇതിനോട് യുഎസിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.