ഉക്രൈന്‍ വിമാനം തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടയാള്‍ അറസ്റ്റില്‍

വിമാന ദുരന്തക്കേസില്‍ ഏതാനും പേരെ അറസ്റ്റ് ചെയതതായും ജുഡീഷറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മയില്‍ അറിയിച്ചു.

Update: 2020-01-15 08:05 GMT

തെഹ്‌റാന്‍: തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം തകര്‍ന്നു വീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടയാള്‍ അറസ്റ്റില്‍. ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തേക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് വീഡിയോ കൈമാറിയ ആള്‍ സുരക്ഷിതനാണെന്നും തെറ്റായ വ്യക്തിയെയാണ് പോലിസ് കസ്റ്റഡിയിലെടുത്തതെന്നും ഇയാള്‍ പറയുന്നു.

അതേസമയം വിമാന ദുരന്തക്കേസില്‍ ഏതാനും പേരെ അറസ്റ്റ് ചെയതതായും ജുഡീഷറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മയില്‍ അറിയിച്ചു. എത്രപേര്‍ അറസ്റ്റി ലായെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ വ്യക്തമല്ലന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നിര്‍ദേശിച്ചു.

ഇറാഖിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് ഉക്രെയിന്‍ വിമാനത്തിന് അപകടം സംഭവിച്ചത്. അപകടത്തില്‍ 82 ഇറാനികളും 57 കനേഡിയനും 11 ഉക്രെനുക്കാരും ഉള്‍പ്പെടെ 176 പേരാണ് മരിച്ചത്. ഉക്രെയിനിലെ പ്രധാന സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ ഉക്രൈന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737800 വിമാനമാണ് തകര്‍ന്നത്.