തെഹ്റാന്‍: അമേരിക്കന്‍ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍. ഗള്‍ഫ് മേഖലയില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പടകപ്പലിനു നേരെ നാല് ബാലസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചെന്നാണ് ഇറാന്റെ അവകാശവാദം. അമേരിക്കന്‍ പടക്കപ്പലിനെ ആക്രമിച്ചുവെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി)പ്രസ്താവനയിലൂടെ അറിയിച്ചു. 'അധിനിവേശ ഭീകരരുടെ ശവപ്പറമ്പായി കരയും കടലും മാറും' എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍-സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരേയുള്ള ശക്തമായ താക്കീതാണിതെന്നും ഐആര്‍ജി വ്യക്തമാക്കി. എന്നാല്‍ ഈ അവകാശവാദം അമേരിക്ക ഇപ്പോള്‍ തള്ളിക്കളഞ്ഞു.
ഇറാന്റെ ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായോ ഉള്ള റിപോര്‍ട്ടുകള്‍ അമേരിക്കന്‍ സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത വ്യോമാക്രമണത്തില്‍ ആയത്തുല്ലാ അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടി കനപ്പിച്ചത്.