ട്രംപിനെ മുട്ടുകുത്തിച്ചത് ഇറാന്‍; ഇസ്രായേല്‍-ലെബ്‌നാന്‍ വെടിനിര്‍ത്തലിന് പിന്നില്‍ ഇറാന്റെ ശക്തമായ സമ്മര്‍ദ്ദമെന്ന് ലെബ്‌നാന്‍ പാര്‍ലമെന്റ് അംഗം ഹുസൈന്‍ ഹാജ് ഹസന്‍
ബെയ്‌റൂത്ത്: ഇസ്രായേലും ലെബ്‌നാനും തമ്മില്‍ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിര്‍ത്തലിന് പിന്നില്‍ ഇറാന്റെ ശക്തമായ സമ്മര്‍ദമാണെന്ന് ലെബ്‌നാന്‍ പാര്‍ലമെന്റ് അംഗം ഹുസൈന്‍ ഹാജ് ഹസന്‍. ഇറാന്റെ സമ്മര്‍ദത്തിന് മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വഴങ്ങിയെന്നും ഇസ്രായേലിനെക്കൊണ്ട് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിപ്പിച്ചത് ട്രംപാണെന്നും അദ്ദേഹം വ്യക്തമാക്കി. ലെബ്‌നാന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴാണ് ഹിസ്ബുല്ലയുമായി ബന്ധമുള്ള ലോയല്‍റ്റി ടു ദി റെസിസ്റ്റന്‍സ് ബ്ലോക്കിലെ അംഗമായ ഹസന്‍ ഈ പരാമര്‍ശം നടത്തിയത്.
ഇറാന്റെ വ്യക്തമായ സമ്മര്‍ദമാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്ന് ഹുസൈന്‍ ഹാജ് ഹസന്‍ പറഞ്ഞു. ട്രംപ് ഇറാന്റെ സമ്മര്‍ദത്തിന് വഴങ്ങുകയും ലെബ്‌നാനില്‍ വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നിര്‍ബന്ധിക്കുകയുമായിരുന്നുവെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപോര്‍ട്ട് ചെയ്തു. ശത്രുവിന്റെ സ്വഭാവം വഞ്ചനാപരമായതിനാല്‍ രാജ്യം ജാഗ്രത പാലിക്കണമെന്നും വെടിനിര്‍ത്തല്‍ ലംഘിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശത്രുക്കള്‍ പലതവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ ഇസ്രായേലിന്റെ സൈനിക പരിമിതികളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിമും പ്രതികരിച്ചു. ഇസ്രായേലിന് മേല്‍ വെടിനിര്‍ത്തല്‍ അടിച്ചേല്‍പിക്കുന്നതിലൂടെ, തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടുവെന്ന് ലെബനനിലെ ഇസ്ലാമിക പ്രതിരോധം ഒരിക്കല്‍ കൂടി തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ മാധ്യമമായ ഐആര്‍ഐബിയാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
