ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; പൗരന്‍മാര്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണം: ഇറാന്‍
തെഹ്റാന്‍: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പൗരന്‍മാര്‍ തങ്ങളുടെ വാട്‌സ്അപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആവശ്യപ്പെട്ടു. എല്ലാ പൗരന്‍മാരും സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്‌സ്അപ്പ് ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ഇറാന്‍ പൗരന്‍മാരുടെ വാട്‌സഅപ്പ് സന്ദേശങ്ങള്‍ ട്രാക്ക് ചെയ്ത് ഇസ്രായേലിന് അയക്കുന്നുണ്ടെന്നാണ് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ വാട്‌സ്അപ്പ് ട്രാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് വാട്‌സ്അപ്പ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിനിടെ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളില്‍ ആറാം ദിവസവും മേഖലയില്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിനടുത്തുള്ള ഖോജിര്‍ മിസൈല്‍ നിര്‍മ്മാണ കേന്ദ്രം ഇസ്രായേല്‍ ആക്രമിച്ചെന്നാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപോര്‍ട്ട്. കിഴക്കന്‍ തെഹ്‌റാനിലെ ഇമാം ഹൊസൈന്‍ സര്‍വകലാശാലയെയും ഇസ്രായേല്‍ ലക്ഷ്യമിട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു.
തെഹ്‌റാന്‍ മേഖലയില്‍ തങ്ങളുടെ വ്യോമസേനയുടെ 50-ലധികം യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇന്ന് പുലര്‍ച്ചെ, ഇറാന്‍ ആക്രമണങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ ഇസ്രായേലിലുടനീളം രണ്ടുതവണ സൈറണുകള്‍ മുഴങ്ങിയതായി സൈന്യം പറഞ്ഞു. വടക്കന്‍ ഇസ്രായേലില്‍ ഇറാന്‍ യുദ്ധവിമാനങ്ങളുടെ നുഴഞ്ഞുകയറ്റം ശക്തമാണെന്നും ഇസ്രായേല്‍ വ്യക്തമാക്കി.