ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ഗവേഷണ വിദ്യാര്‍ഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെ ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ ഭാഗത്താണ് വെടിയേറ്റ നിലയില്‍ ശിവങ്കിനെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചതായി ടൊറന്റോ പോലിസ് സ്ഥിരീകരിച്ചു.
പോലിസ് എത്തുന്നതിന് മുന്‍പേ പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നവര്‍ പോലിസുമായോ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ക്കായി പോലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
അതേസമയം ഈ വര്‍ഷം ടൊറന്റോയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്. മലയാളികളടക്കം നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ പഠനം നടത്തുന്നത്. കൊലപാതക വിവരം പുറത്ത് വന്നതോടെ മലയാളികളടക്കം ആശങ്കയിലാണ്.