പീഡനവും കവര്‍ച്ചയും; ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവ് ശിക്ഷ

Update: 2019-11-03 06:02 GMT

ലണ്ടന്‍: കത്തി കാണിച്ച് യുവതിയെ പീഡിപ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവ് ശിക്ഷ. ദില്‍ജിത്ത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരനെയാണ് കിഴക്കന്‍ ലണ്ടനിലെ ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

ഈ വര്‍ഷം ഏപ്രിലിലാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിച്ചതിന് പുറമെ ഇവരുടെ ഫോണും പണവും ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇയാള്‍ പോയതിന് ശേഷം സംഭവം യുവതി സുഹൃത്തിനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് സുഹൃത്ത് പോലിസില്‍ അറിയിക്കുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആഗസ്തിലാണ് ഇയാള്‍ക്കെതിരേ കുറ്റങ്ങള്‍ ചുമത്തിയത്. ഈ ആഴ്ച ശിക്ഷ വിധിക്കുകയും ചെയ്തു.