48 രോഗികള്‍ക്കെതിരേ ലൈംഗികാതിക്രമം; ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് സ്‌കോട്ട്‌ലന്റ് കോടതി
ലണ്ടന്‍: 35 വര്‍ഷത്തെ മെഡിക്കല്‍ സേവനത്തിനിടയില്‍ ചികില്‍സയ്‌ക്കെത്തിയ 48 വനിതാ രോഗികളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ കുറ്റക്കാരനെന്ന് ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയുടെ കണ്ടെത്തല്‍. സ്‌കോട്ട്‌ലന്‍ഡില്‍ പ്രാക്ടീസ് ചെയ്യുന്ന ജനറല്‍ പ്രാക്ടീഷണറായ കൃഷ്ണ സിങ് (72) എന്ന ഇന്ത്യന്‍ വംശജനെയാണ് ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റക്കാരനായി സ്‌കോട്ട്‌ലന്റ് കോടതി വിധിച്ചത്. ചുംബിക്കുക, തെറ്റായ രീതിയില്‍ സ്പര്‍ശിക്കുക, അനാവശ്യമായ ചികില്‍സാ രീതി പ്രയോഗിക്കുക, അശ്ലീലമായി സംസാരിക്കുക എന്നിങ്ങനെ ലൈംഗികാതിക്രമം നടത്തിയതായാണ് സിങ്ങിനെതിരേ ആരോപിച്ചിരുന്ന കുറ്റങ്ങള്‍. 35 വയസ്സിനു മുകളില്‍ പ്രായമുള്ള 48 സ്ത്രീകളോട് ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് കോടതി അന്വേഷണത്തില്‍ കണ്ടെത്തി.
കേസിന്റെ വിചാരണ വേളയില്‍ ഈ കുറ്റങ്ങളെല്ലാം ഡോക്ടര്‍ നിഷേധിച്ചിരുന്നു. തന്റെ ചികില്‍സാ രീതികളെ രോഗികള്‍ തെറ്റിദ്ധരിക്കുകയാണ് ചെയ്തതെന്നായിരുന്നു ഡോക്ടറുടെ വാദം. പക്ഷേ, ഡോ. കൃഷ്ണസിങ് സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ ഏഞ്ജല ഗ്രേ കോടതിയില്‍ വാദിച്ചത്. ചില ചികില്‍സാ രീതികള്‍ ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന സമയത്ത് താന്‍ പഠിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നടപ്പാക്കിയിരുന്നത്.
1983 മുതല്‍ 2018 വരെ നീണ്ട 35 വര്‍ഷക്കാലം ഇയാള്‍ 48 സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറി എന്നാണ് കണ്ടെത്തല്‍. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഇയാളുടെ സ്ഥിരം സ്വഭാവമാണെന്ന് പ്രോസിക്യൂട്ടര്‍ ആഞ്ചല ഗ്രേ കോടതിയില്‍ പറഞ്ഞു. 2018 ല്‍ ഒരു സ്ത്രീ ഇയാള്‍ക്കെതിരേ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വ്യത്യസ്ത പരാതിക്കാരില്‍ നിന്നായി 54 കേസുകളാണ് സിങ്ങിനെതിരേ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് കേസുകളില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്താനായില്ല. അടുത്ത മാസം സിങ്ങിനെതിരായ ശിക്ഷാ വിധി പ്രഖ്യാപിക്കും. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. മെഡിക്കല്‍ സേവനങ്ങളിലെ സംഭാവനക്ക് റോയല്‍ മെംബര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.
