അനധികൃത കുടിയേറ്റക്കാര്‍; ഇന്ത്യക്കാരെയും ട്രംപ് നാടുകടത്തി; ആദ്യ സംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടു
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യക്കാരിലെ ആദ്യ സംഘത്തെ അമേരിക്ക തിങ്കളാഴ്ച തിരിച്ചയച്ചു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെയാണ് നടപടികള്‍.
സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഇല്ല. പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ഇന്ത്യക്കാരടക്കം 15 ലക്ഷം വിദേശികളാണ് തിരിച്ചയയ്ക്കല്‍ പട്ടികയിലുള്ളത്.
യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് അധിക സൈന്യത്തെയാണ് അയച്ചത്. സൈനിക ബേസുകളില്‍ അനധികൃത കുടിയേറ്റക്കാരെ എത്തിച്ച ശേഷം സൈനിക വിമാനങ്ങളില്‍ തിരികെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെ ഇതിനോടകം തിരിച്ചയച്ചു തുടങ്ങി. അമേരിക്കയിലേക്ക് കുടിയേറിയവരില്‍ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്.
ട്രംപ് വൈറ്റ് ഹൌസിലേക്ക് തിരിച്ചെത്തിയതി ശേഷം ആദ്യമായി ഇത്തരത്തില്‍ കുടിയേറ്റക്കാരെ തിരിച്ചയ്ക്കുന്നത് ഇന്ത്യയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തേക്കുറിച്ചുള്ള ആശങ്ക ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കുവച്ചിരുന്നു.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയിരുന്നു. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസമായപ്പോള്‍ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രതികരിച്ചിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദര്‍ശിക്കാനിരിക്കേയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. 12, 13 തീയതികളിലായിരിക്കും സന്ദര്‍ശനം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് യാത്ര. അമേരിക്കയില്‍ എത്തുന്ന മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും.

