ഇന്ത്യ വിചാരിച്ചാല്‍ സംഘര്‍ഷം അവസാനിപ്പിക്കാം'; മോദി നെതന്യാഹുവുമായി സംസാരിക്കണം: ഫലസ്തീന്‍ അംബാസഡര്‍

'യുദ്ധത്തില്‍ ലോകരാഷ്ട്രങ്ങള്‍ അടിയന്തരമായി ഇടപെടണം.

Update: 2023-10-15 05:18 GMT

ഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ വിചാരിച്ചാല്‍ സാധിക്കുമെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹൈജ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കണമെന്നും ഇസ്രായേലിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഫലസ്തീനുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. ഫലസ്തീനെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടിയ അദ്നാന്‍ അബു, ലോകരാഷ്ട്രങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ നിരപരാധികളായ അനേകം മനുഷ്യര്‍ക്ക് ഇനിയും ജീവന്‍ നഷ്ടപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.

'യുദ്ധത്തില്‍ ലോകരാഷ്ട്രങ്ങള്‍ അടിയന്തരമായി ഇടപെടണം. യുദ്ധത്തെ അമേരിക്ക ഉള്‍പ്പടെയുള്ള ഡെമോക്രാറ്റിക് രാജ്യങ്ങള്‍ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഇത് മുതലെടുക്കുകയാണ് ഇസ്രായേല്‍. കുഞ്ഞുങ്ങളെ കൊന്നും കെട്ടിടങ്ങള്‍ തകര്‍ത്തും മതിയാകാഞ്ഞ് ഇപ്പോള്‍ ദശലക്ഷക്കണക്കിന് മനുഷ്യരോട് പലായനം ചെയ്യാന്‍ ആവശ്യപ്പെടുകയാണവര്‍. യുദ്ധത്തിന് മുമ്പും ഗസയിലെ ജീവിതം സുഖകരമായിരുന്നില്ല അവിടുത്തെ ജനങ്ങള്‍ക്ക് യുദ്ധം തുടങ്ങിയതോടെ ദുരിതവും വര്‍ധിച്ചു. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് ഹമാസ് പ്രവര്‍ത്തകരല്ല, സാധാരണക്കാരായ പാവം ജനങ്ങളാണ്'. അദ്ദേഹം പറഞ്ഞു.





Tags: