പാകിസ്താനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കൈവശപ്പെടുത്തണം: വിവാദ പരാമര്‍ശവുമായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
ധക്ക: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് വീണ്ടും വിവാദ പരാമര്‍ശവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെ ആക്രമിച്ചാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശ് കൈവശപ്പെടുത്തണം എന്നായിരുന്നു വിരമിച്ച മേജര്‍ ജനറല്‍ ഫസ്ലുര്‍ റഹ്‌മാന്റെ വിവാദ പരാമര്‍ശം. ഇതിനായി ചൈനയുടെ സഹായം ആവശ്യപ്പെടണമെന്നും റഹ്‌മാന്‍ പറഞ്ഞു. ഷെയ്ക് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയുമായി ബംഗ്ലാദേശ് കൂടുതല്‍ അകലുകയാണ്. ഇതിനിടെയാണ് ഈ പരാമര്‍ശം ഉണ്ടാകുന്നത്.
നേരത്തെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനിസും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നും കടല്‍ സുരക്ഷയില്‍ ബംഗ്ലാദേശ് നിര്‍ണായകമാണെന്നും ചൈന ഈ സാഹചര്യം പ്രയോജനപ്പെടുത്തണം എന്നുമായിരുന്നു യൂനുസ് പറഞ്ഞത്.
ഈ പരാമര്‍ശത്തോട് ഇന്ത്യ കനത്ത രീതിയിലാണ് പ്രതികരിച്ചത്. ബംഗ്ലാദേശിന് അനുവദിച്ചിരുന്ന ട്രാന്‍സ്ഷിപ്‌മെന്റ് സൗകര്യം ഇന്ത്യ റദ്ദാകുകയാണ് ചെയ്തത്. മറ്റ് രാജ്യങ്ങളിലേക്ക് ചരക്ക് കയറ്റിയയക്കാന്‍ ബംഗ്ലാദേശിന് വേണ്ടി ഇന്ത്യന്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ തുറന്നുകൊടുത്തിരുന്നു. ഇതാണ് റദ്ദാക്കിയത്.
