ഇസ്രായേലിന് നേരെ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത് ഹൂത്തികള്‍
തെല്‍അവീവ്: ഹൂത്തി വിമതര്‍ ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി റിപോര്‍ട്ട്. യമനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതിനെ തുടര്‍ന്ന് തെല്‍ അവീവിലും മധ്യ ഇസ്രായേലിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇതിന് പുറമെ ഇന്നലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമാക്കി ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവെന്നും ഹൂത്തികള്‍ അവകാശപ്പെട്ടു. ഇസ്രായേലിന് നേരെ ഹൂത്തികള്‍ ഇത് മൂന്നാം തവണയാണ് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കുന്നത്. ഗസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിനെതിരെ ആക്രമണം തുടരുമെന്നും ഹൂത്തികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
തെല്‍ അവീവ് ലക്ഷ്യമിട്ട് യമനില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ എത്തിയെന്ന വാര്‍ത്ത ഇസ്രായേലും സ്ഥിരീകരിച്ചു. ഏത് ഭീഷണിയെയും നിര്‍വീര്യമാക്കാന്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധം പ്രാപ്തമാണെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. സുരക്ഷാര്‍ഥം ജനങ്ങളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇസ്രായേലിന്റെ ആരോ 3 മിസൈല്‍ വേധ സംവിധാനമാണ് ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്തതെന്നും റിപോര്‍ട്ടുകളുണ്ട്.
ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ വിമാന സര്‍വീസുകള്‍ ഭാഗികമായി തടസപ്പെട്ടിരുന്നു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് തങ്ങള്‍ നടത്തിയ ആക്രമണം ഫലം കണ്ടെന്നായിരുന്നു ഹൂത്തികളുടെ അവകാശവാദം. തെല്‍ അവീവും ഹാഫിയയും ലക്ഷ്യമിട്ട് രണ്ട് ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായും ഹൂത്തികള്‍ അവകാശപ്പെട്ടു.
