ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതികളുടെ ആക്രമണം; മൂന്ന് മരണം

ഒരു നേപ്പാള്‍ പൗരന്‍ എന്നിവരാണ് ഇന്ത്യക്കാരനു പുറമെ കപ്പലില്‍ ഉണ്ടായിരുന്നത്.

Update: 2024-03-07 04:48 GMT

വാഷിങ്ടണ്‍:: ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ബാര്‍ബഡോസിനുവേണ്ടി സര്‍വീസ് നടത്തിവന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് ആക്രമണത്തില്‍ സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. കപ്പലുകള്‍ക്കുനേരെ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തില്‍ ജീവഹാനി ആദ്യമായാണ്.

പരിക്കേറ്റ നാല് ജീവനക്കാരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. രണ്ട് ദിവസത്തിനിടെ ഹൂതികള്‍ നടത്തുന്ന സമാനമായ അഞ്ചാമത്തെ ആക്രമണമാണിത്. കഴിഞ്ഞ നവംബറിലാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം തുടങ്ങുന്നത്. ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകള്‍ക്കുനേരെയാണ് ആക്രമണം നടത്തുന്നത് എന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. തിരിച്ചടിയെന്നോണം ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്കയും ബ്രിട്ടനും ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

അതിനിടെ, മുന്നറിയിപ്പ് നല്‍കിയിട്ടും ട്രൂ കോണ്‍ഫിഡന്‍സിലെ ജീവനക്കാര്‍ അത് അവഗണിച്ചുവെന്ന് ഹൂതികള്‍ പ്രസ്താവനയില്‍ ആരോപിച്ചു. ഒരു ഇന്ത്യക്കാരനടക്കം 20 ജീവനക്കാരും സായുധരായ രണ്ട് ഗാര്‍ഡുമാരുമാണ് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. വിയറ്റ്നാമില്‍നിന്നുള്ള നാലുപേര്‍, 15 ഫിലിപ്പൈന്‍സുകാര്‍, ശ്രീലങ്കയില്‍നിന്നുള്ള നാല് ഗാര്‍ഡുമാര്‍, ഒരു നേപ്പാള്‍ പൗരന്‍ എന്നിവരാണ് ഇന്ത്യക്കാരനു പുറമെ കപ്പലില്‍ ഉണ്ടായിരുന്നത്.


Tags: