പറക്കുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണിന് തീപ്പിടിച്ചു; ബ്രസീലില്‍ എട്ട് സഞ്ചാരികള്‍ മരിച്ചു ( വീഡിയോ)

Update: 2025-06-22 07:46 GMT

ബ്രസീലിയ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ട് വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ഹോട്ട്-എയര്‍ ബലൂണ്‍ സഞ്ചാരികളുമായി പറക്കുന്നതിനിടെ തീപ്പിടിക്കുകയായിരുന്നു. സാന്റാ കാതറീനയില്‍ ശനിയാഴ്ചയാണ് സംഭവം. അപകട ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

21 പേരായിരുന്നു ബലൂണില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഫയര്‍ ഡിപാര്‍ട്മെന്റ് അറിയിച്ചു.ബലൂണിന്റെ പൈലറ്റും സാരമായി പരിക്കേറ്റവരിലുള്‍പ്പെടും. ബലൂണിനകത്ത് തീപടര്‍ന്നതോടെ താഴേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. കത്തിപ്പടര്‍ന്നതോടെ ആളുകളോട് ചാടി രക്ഷപ്പെടാനും ആവശ്യപ്പെട്ടു. ചിലര്‍ ചാടി രക്ഷപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും ചാടാനായില്ല. തീപ്പിടിച്ച ബലൂണ്‍ വീണ്ടും ആകാശത്തേക്ക് ഉയര്‍ന്നു. പിന്നീട് പൂര്‍ണമായും കത്തി നിലത്ത് പതിക്കുകയായിരുന്നു.