കൊവിഡ് വ്യാപനം: ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ മെയ് മൂന്നുവരെ ഹോങ്കോങ് നിര്‍ത്തിവച്ചു
ചൊവ്വാഴ്ച മുതല്‍ മെയ് മൂന്ന് വരെയാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് വ്യോമയാനവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹോങ്കോങ്ങിന്റെ നടപടി.
ന്യൂഡല്‍ഹി: ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി ഹോങ്കോങ് നിര്‍ത്തിവച്ചു. ചൊവ്വാഴ്ച മുതല്‍ മെയ് മൂന്ന് വരെയാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് വ്യോമയാനവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹോങ്കോങ്ങിന്റെ നടപടി. ഇന്ത്യയ്ക്കു പുറമേ പാകിസ്താനിലേക്കും ഫിലിപ്പീന്‍സിലേക്കുമുള്ള വിമാന സര്‍വീസുകളും ഹോങ്കോങ് നിര്‍ത്തിവച്ചിട്ടുണ്ട്. ഈ മാസം രണ്ട് വിസ്താര വിമാനങ്ങളിലെത്തിയ 50 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഹോങ്കോങ് സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവിലെ നിയമപ്രകാരം ഹോങ്കോങ്ങിലെത്തുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. മുംബൈ- ഹോങ്കോങ് റൂട്ടിലെ എല്ലാ വിസ്താര വിമാനങ്ങളും മെയ് രണ്ടുവരെ നിര്‍ത്തിവച്ചതായി ഹോങ്കോങ് സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചിരുന്നു. വിസ്താരയുടെ മുംബൈ-ഹോങ്കോങ് വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ഈ തീരുമാനം. ഡല്‍ഹി- ഹോങ്കോങ് റൂട്ടിലുള്ള വിസ്താരയുടെ വിമാനങ്ങള്‍ക്ക് നേരത്തെ ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 19 വരെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
