ന്യൂയോര്‍ക്ക്: ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന്റെ മകന്‍ ജേഡന്‍ സ്മിത്ത് മയക്കുമരുന്നു കേസില്‍ പിടിയില്‍. അഭിനേതാവും റാപ്പറുമായ ജേഡന്‍ സ്മിത്ത് പാരീസില്‍ നിന്നുമാണ് പിടിയിലായത്. ഫ്രാന്‍സില്‍ കഞ്ചാവ് നിയമവിരുദ്ധമായതിനാല്‍, നിയമപരമായി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം പാരിസില്‍ പാര്‍ട്ടി നടത്തുന്നതിനിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ജേഡന്‍ സ്മിത്ത് പിടിക്കപ്പെട്ടത്. മയക്കുമരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുമായി പാരിസിലെ രണ്ട് പാര്‍ട്ടി സ്ഥലങ്ങളില്‍ നിന്ന് ജേഡന്‍ പുറത്തുവരുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
'ജേഡന്‍ അപകടത്തിലേക്കാണ് നീങ്ങുന്നത്. ഒരു വിദേശ നഗരത്തില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് അവന്‍ മതിമറന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇപ്പോള്‍ അവന്‍ വീട്ടില്‍ വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കുന്നുള്ളൂ. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ അവരെ പൂര്‍ണമായും ഒഴിവാക്കുകയായിരിക്കാം' കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തനിക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും സൈക്കഡെലിക് മയക്കുമരുന്നുകള്‍ പരിചയപ്പെടുത്തിയത് അമ്മ ജാഡ പിങ്കറ്റ് സ്മിത്ത് ആണെന്ന് ജേഡന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
നടിയും മോഡലുമാണ് ജാഡ പിങ്കറ്റ്. 1997-ലാണ് വില്‍ സ്മിത്ത് ജാഡയെ വിവാഹം ചെയ്യുന്നത്. വില്‍ സ്മിത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും 1998-ല്‍ ജേഡനും 2000-ല്‍ മകള്‍ വിലോയും പിറന്നു. കുട്ടികളെ വ്യക്തികളായി പരിഗണിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് തന്റെ രക്ഷാകര്‍തൃത്വ രീതിയെന്നും കുട്ടികള്‍ക്ക് സ്വയം പ്രകടിപ്പിക്കാനും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുമുള്ള സ്വാതന്ത്ര്യം കുടുംബം നല്‍കിയിട്ടുണ്ടെന്നും വില്‍ സ്മിത്ത് മുന്‍പ് പറഞ്ഞിട്ടുണ്ട്. 15-ാം വയസ്സില്‍ നിയമപരമായി വീട്ടില്‍ നിന്ന് മാറിത്താമസിക്കാന്‍ ജേഡന്‍ അനുവാദം ചോദിച്ചിരുന്നു.

