' ഇസ്രായേലിനേക്കാള്‍ പ്രായമുണ്ട് തനിക്ക്' ; ജനഹൃദയങ്ങളില്‍ ഇടം നേടിയ ഫലസ്തീനി വയോധികയെ വെടിവെച്ചുകൊന്നു

വീടിന്റെ മുന്‍വാതിലിനു പുറത്താണ് ഹാദിയ വെടിയേറ്റു മരിച്ചത്.

Update: 2023-12-09 11:33 GMT
ഗസ: തനിക്ക് ഇസ്രായേലിനേക്കാള്‍ പ്രായമുണ്ടെന്ന് പറഞ്ഞ് ഇന്റര്‍നെറ്റില്‍ വൈറലായ വയോധികയെ ഇസ്രായേല്‍ വെടിവെച്ചുകൊന്നു. പ്രാദേശിക ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് അല്‍ അറബിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇസ്രായേലിന്റെ സൃഷ്ടിയിലേക്കും ലക്ഷക്കണക്കിന് ഫലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കുന്നതിലേക്കും നയിച്ച 1948ലെ യുദ്ധത്തെ സൂചിപ്പിക്കുന്ന ദുരന്തത്തിന്റെ അറബി പദമായ 'നക്ബ'യുടെ നാല് വര്‍ഷം മുമ്പ് 1944 ലാണ് ഹാദിയ നാസര്‍ ജനിച്ചത്. ഇസ്രായേല്‍ ല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ തന്നെ സന്ദര്‍ശിച്ച ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ജാഫ്രാവി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹാദിയ നേരത്തെ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളുടെ മനസ്സുകളില്‍ അവര്‍ സ്ഥാനം പിടിച്ചു.

വീഡിയോയില്‍, അല്‍ജഫ്രാവി ഔദ്യോഗിക രേഖകള്‍ നോക്കുമ്പോഴാണ് ഇസ്രായേല്‍ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പാണ് താന്‍ ജനിച്ചതെന്ന് ഹാദിയ സ്ഥിരീകരിച്ചത്. യുവാവായ അല്‍ജഫ്രാവി തമാശ രൂപേണ ശൃംഗരിക്കുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വീഡിയോ. പരിക്ക് ഭേദമായ ശേഷം ആശുപത്രി വിട്ട വയോധിക പ്രദേശത്തുനിന്ന് ബലമായി ഒഴിപ്പിക്കാനുള്ള നീക്കത്തിനു വഴങ്ങാത വീട്ടിലേക്ക് മടങ്ങി. വീടിന്റെ മുന്‍വാതിലിനു പുറത്താണ് ഹാദിയ വെടിയേറ്റു മരിച്ചത്.