ജര്‍മനിയില്‍ രണ്ടിടങ്ങളിലായി വെടിവയ്പ്പ്: ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. വെസ്‌റ്റേണ്‍ ജര്‍മനിയിലെ ഹനാവു നഗരത്തിലെ ഒരു ബാറിലും കെസ്സല്‍സ്റ്റാഡിലുമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

Update: 2020-02-20 06:56 GMT

ബെര്‍ലിന്‍: ജര്‍മനിയില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ടിന് 20 കിലോമീറ്റര്‍ സമീപത്തെ ഹനാവു നഗരത്തിലാണ് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. വെസ്‌റ്റേണ്‍ ജര്‍മനിയിലെ ഹനാവു നഗരത്തിലെ ഒരു ബാറിലും കെസ്സല്‍സ്റ്റാഡിലുമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. രാത്രി പത്തോടെയാണ് ബാറിന് നേരെ ആക്രമണമുണ്ടായത്. കുറച്ചുസമയങ്ങള്‍ക്ക് ശേഷം മറ്റൊരിടത്തും സമാനമായ ആക്രമണം നടന്നു.

ആക്രമണം നടത്തിയത് ഒരാളാണോ അതില്‍ ഒന്നില്‍ കൂടുതല്‍ പേരാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. കുറ്റവാളികളെ കണ്ടെത്തുന്നതിനായി സായുധ പോലിസും ഹെലികോപ്റ്ററും ഫ്രാങ്ക്ഫര്‍ട്ടിന് 25 കിലോമീറ്റര്‍ കിഴക്ക് ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എട്ടുപേര്‍ മരിച്ചതായാണ് പോലിസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ആദ്യത്തെ ആക്രമണത്തില്‍ അഞ്ചുപേരും രണ്ടാമത്തെ ആക്രമണത്തില്‍ നാലുപേരുമാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പിന്നീട് അറിയിച്ചു.

വെടിയുതിര്‍ത്ത അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മറ്റ് കുറ്റവാളികളെക്കുറിച്ച് നിലവില്‍ സൂചനകളൊന്നുമില്ലെന്നും പോലിസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആദ്യ ആക്രമണം നടന്ന സ്ഥലത്തുനിന്ന് കറുത്ത കാര്‍ പോവുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ കാറിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമികനിഗമനം. നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടമാണ് ജര്‍മന്‍ നഗരങ്ങളിലെ ഹുക്ക സെന്ററുകള്‍.  

Tags:    

Similar News