ഗസയില്‍ അധിനിവേശം തുടരുമ്പോള്‍ നിരായുധീകരണം അസ്വീകാര്യം: ഹമാസ് രാഷ്ട്രീയ ബ്യൂറോ വിദേശ വിഭാഗം തലവന്‍ ഖാലിദ് മെഷാല്‍
ദോഹ: ഗസയിലെ ജനങ്ങളെ നിരായുധീകരിക്കണമെന്ന് ആവശ്യം തള്ളി ഹമാസ് രാഷ്ട്രീയ ബ്യൂറോ വിദേശ വിഭാഗം തലവന്‍ ഖാലിദ് മെഷാല്‍.ദോഹയില്‍ നടന്ന അല്‍ ജസീറ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവേശത്തില്‍ കഴിയുന്ന ജനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ പിന്‍വലിക്കുന്നത് അവരെ ''എളുപ്പത്തില്‍ ഇല്ലാതാക്കാവുന്ന ഇരകളാക്കും'' -ഖാലിദ് മെഷാല്‍ അഭിപ്രായപ്പെട്ടു.
ഗസയില്‍ പുനര്‍നിര്‍മാണവും സ്ഥിരമായ വെടിനിര്‍ത്തലും ഉറപ്പാക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചശേഷം മാത്രമേ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാകൂ എന്നും മെഷാല്‍ പറഞ്ഞു. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതുവരെ ആയുധങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഇസ്രായേല്‍ ആക്രമണം തുടരുകയാണെന്നും, ഇതുവരെ നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അധിനിവേശത്തിന് എതിരായ പ്രതിരോധം ഫലസ്തീന്‍ ജനങ്ങളുടെ അവകാശമാണെന്നും മെഷാല്‍ വ്യക്തമാക്കി.
ഹമാസ് ആയുധങ്ങള്‍ കൈമാറണമെന്ന ചര്‍ച്ച, ഫലസ്തീന്‍ സായുധ പ്രതിരോധത്തെ നിര്‍വീര്യമാക്കാനുള്ള നൂറുവര്‍ഷത്തിലേറെയായ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്. ''നമ്മുടെ ജനങ്ങള്‍ ഇപ്പോഴും അധിനിവേശത്തിലാണ്. ഈ സാഹചര്യത്തില്‍ നിരായുധീകരണം ആവശ്യപ്പെടുന്നത്, അന്താരാഷ്ട്ര ആയുധശക്തിയുള്ള ഇസ്രായേലിന് മുന്നില്‍ നമ്മുടെ ജനങ്ങളെ എളുപ്പത്തില്‍ ഇല്ലാതാക്കാവുന്നവരാക്കാനാണ്.
ഗസയില്‍ പുനര്‍നിര്‍മാണവും മാനവിക സഹായവും ഉറപ്പാക്കുകയും, വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്ന അന്തരീക്ഷം ഉണ്ടാകാതെ നിരായുധീകരണം ചര്‍ച്ച ചെയ്യാനാവില്ല. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നീ മധ്യസ്ഥ രാജ്യങ്ങളിലൂടെയും അമേരിക്കയുമായി പരോക്ഷ ചര്‍ച്ചകളിലൂടെയും ഹമാസ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹമാസിനെ പൂര്‍ണമായി ആയുധരഹിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഗസയിലെ അധിനിവേശം അവസാനിപ്പിക്കുന്നതുവരെ ആയുധങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു.യുഎസ് മധ്യസ്ഥതയില്‍ ഒപ്പുവെച്ച രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസിന്റെ നിരായുധീകരണവും അന്താരാഷ്ട്ര സമാധാനസേനയുടെ വിന്യാസവും ഉള്‍പ്പെടുന്നുവെന്നാണ് വാഷിംഗ്ടണ്‍ പറയുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗസയില്‍ ദിവസേന ആക്രമണം തുടരുകയാണെന്നും, കിഴക്കന്‍ ഗസയിലെ ''യെല്ലോ ലൈന്‍'' മേഖലയില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിട്ടില്ലെന്നും റിപോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം കുറഞ്ഞത് 576 ഫലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. 1,543 പേര്‍ക്ക് പരിക്കേറ്റു-അദ്ദേഹം വ്യക്തമാക്കി.
ഹമാസ് അഞ്ചു മുതല്‍ പത്ത് വര്‍ഷം വരെ നീളുന്ന ദീര്‍ഘകാല സമാധാനവിരാമം നിര്‍ദേശിച്ചതായും, അത് ആയുധങ്ങള്‍ ഉപയോഗിക്കപ്പെടില്ലെന്ന ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥ രാജ്യങ്ങള്‍ക്ക് ഈ കരാറിന് ഉറപ്പ് നല്‍കാനാകും. സംഘര്‍ഷത്തിന്റെ അടിസ്ഥാനം ''അധിനിവേശവും അതിനെതിരെയുള്ള ജനങ്ങളുടെ പ്രതിരോധവുമാണ്'' എന്നും, സ്വയംനിര്‍ണ്ണയത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഫലസ്തീനികള്‍ക്കുണ്ടെന്നും മെഷാല്‍ പറഞ്ഞു. ''അധിനിവേശത്തിന് കീഴിലുള്ള ജനങ്ങള്‍ക്ക് പ്രതിരോധം ഒരു അവകാശമാണ്. അത് അന്താരാഷ്ട്ര നിയമത്തിലും മതപരമായ പാരമ്പര്യങ്ങളിലും ഉള്‍പ്പെടുന്നതാണ്.
2023 ഒക്ടോബര്‍ 7-ലെ ആക്രമണം ഒരു ''വഴിത്തിരിവായ സംഭവമാണ്'' എന്നും, ഗസ യുദ്ധം ലോകത്തെ ഫലസ്തീന്‍ പ്രശ്‌നത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിപ്പിച്ചുവെന്നും മെഷാല്‍ വ്യക്തമാക്കി. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നത് സ്വാഗതാര്‍ഹമാണെങ്കിലും, അത് യാഥാര്‍ത്ഥ്യമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

