ഖത്തറില്‍ ഇസ്രായേല്‍ വധിക്കാന്‍ ശ്രമിച്ച ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ ടെലിവിഷനില്‍; വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസിനെ പ്രതിനിധീകരിക്കും
ഗസ: സെപ്്തംബര്‍ ഒമ്പതിന് ഖത്തറിലെ ദോഹയില്‍ വച്ച് ഇസ്രായേല്‍ വധിക്കാന്‍ ശ്രമിച്ച ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ഹയ്യ ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു.ഇസ്രായേലിന്റെ ആക്രമണശേഷം ഇതാദ്യമായാണ് അദ്ദേഹം കാമറക്ക് മുന്നിലെത്തുന്നത്. ഈജിപ്തില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിനെ പ്രതിനിധീകരിക്കാനിരിക്കെയാണ് ഖലീല്‍ ഹയ്യയുടെ ടി വി സന്ദേശം പുറത്തുവന്നിരിക്കുന്നത്. ഈജിപ്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് അല്‍ഹയ്യ അല്‍അറബി ചാനലിന് പ്രത്യേക അഭിമുഖം നല്‍കുകയായിരുന്നു. മകന്റെ മരണം ഉള്‍പ്പെടെ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും ഗസയില്‍ മരിച്ചവരുടെ വേദനയും തനിക്ക് ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മകനും ഇസ്രായേല്‍ കൊന്നുകളഞ്ഞ മറ്റേത് ഫലസ്തീന്‍ കുഞ്ഞും ഒരുപോലെയാണ്? അവര്‍ ചിന്തിയ ചോര ജറൂസലമിലേക്കുള്ള നമ്മുടെ വിജയത്തിന്റെ പാതയാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖലീല്‍ അല്‍ഹയ്യ ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കള്‍ ദോഹയില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ വിമാനമിറങ്ങി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 ഇന ഗസ പദ്ധതിയില്‍ കൈറോയില്‍ നടക്കുന്ന ചര്‍ച്ച അവസാനഘട്ടത്തിലാണ്. നാളെ ഹമാസ്- ഇസ്രായേല്‍ പ്രതിനിധികള്‍ക്കൊപ്പം യു എസ്, ഈജിപ്ത്, ഖത്തര്‍ നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുക്കും.