പ്രതിഷേധക്കാര്‍ക്കു നേരെ ഹെയ്തിയന്‍ സെനറ്ററുടെ വെടിവെപ്പ്; മാധ്യമപ്രവര്‍ത്തകന് പരിക്ക്

Update: 2019-09-24 16:51 GMT

പോര്‍ട്ട് ഒ പ്രിന്‍സ്: പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്കു നേരെ ഹെയ്തിയന്‍ സെനറ്ററുടെ വെടിവെപ്പ്. ഭരണകക്ഷി സെനറ്ററായ ജീന്‍ മാരി റാല്‍ഫ് ഫെതിയര്‍ ആണ് പ്രതിഷേധക്കാര്‍ക്കു നേരെ നിരവധി തവണ വെടിവെപ്പു നടത്തിയത്. സംഭവത്തില്‍ ഒരു മാധ്യമ ഫോട്ടോഗ്രാഫര്‍ക്കു പരിക്കേറ്റു. ഇദ്ദേഹത്തിന്റെ മുഖത്ത് വെടിയുണ്ടയുടെ ചീളുകള്‍ തുളച്ചുകയറിയ നിലയിലാണ്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് ജൊവീനല്‍ മോയ്‌സി ഉത്തരവിട്ടുണ്ട്.

രാജ്യത്ത് വര്‍ധിച്ചു വരുന്ന ഇന്ധന വിലയിലും ഭക്ഷ്യ വിഭവങ്ങളുടെ കുറവിലും പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ സമരവുമായെത്തിയ വിമതര്‍ പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്നു പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് സെനറ്റര്‍ വെടിവപ്പു നടത്തിയത്.

അതേസമയം പ്രതിഷേധക്കാര്‍ തന്നെ വാഹനത്തില്‍ നിന്നും വലിച്ചിറക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയതപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് വെടിവെക്കേണ്ടി വന്നതെന്നു പ്രാദേശിക മാധ്യമത്തോടു ജീന്‍ മാരി റാല്‍ഫ് ഫെതിയര്‍ പറഞ്ഞു. 

Tags:    

Similar News