ജപ്പാനിലെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ മോഷണം; 9.7 കോടി ഡോളര്‍ കവര്‍ന്നു

Update: 2021-08-21 03:26 GMT

ടോക്യോ: ജപ്പാനിലെ പ്രമുഖ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ലിക്വിഡിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ 9.7 കോടി ഡോളര്‍ വരുന്ന തുക മോഷണം പോയി. ബിറ്റ്‌കോയിന്‍, ഇഥേറിയം തുടങ്ങിയ കറന്‍സികള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മോഷ്ടിക്കപ്പെട്ട കറന്‍സികള്‍ ഏങ്ങോട്ടാണ് നീക്കുന്നതെന്ന് നിരീക്ഷിച്ചുവരികയാണെന്നും തിരിച്ചുപിടിക്കാന്‍ മറ്റ് എക്‌സ്‌ചേഞ്ചുകളുമായി സഹകരിക്കുന്നുണ്ടെന്നും ലിക്വിഡ് അധികൃതര്‍ അറിയിച്ചു. ഈ ഫണ്ടുകളില്‍ 45 മില്യണ്‍ ഇഥേറിയം ടോക്കണുകളും ഉള്‍പ്പെടുന്നു.

ക്രിപ്‌റ്റോ കറന്‍സി വിനിമയ സ്ഥാപനത്തിനു നേര്‍ക്ക് അടുത്ത ദിവസങ്ങളിലുണ്ടാവുന്ന രണ്ടാമത്തെ സൈബര്‍ ആക്രമണമാണിത്. കുറ്റവാളികളെ കണ്ടെത്താന്‍ ക്രിപ്‌റ്റോ ട്രാക്കിങ് സ്ഥാപനമായ ലിക്വിഡ് അന്വേഷണത്തില്‍ സഹായിക്കുന്നു. മോഷ്ടിച്ച തുക ട്രാക്കുചെയ്യുന്നതായും ഫണ്ടുകള്‍ മരവിപ്പിക്കുന്നതിനും വീണ്ടെടുക്കുന്നതിനും മറ്റ് എക്‌സ്‌ചേഞ്ചുകളുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി ട്വിറ്ററില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ബ്ലോക്‌ചെയിന്‍ സൈറ്റായ പോളി നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്ത് 60 കോടി ഡോളര്‍ വരുന്ന തുക അപഹരിച്ചിരുന്നു.

Tags:    

Similar News